ഈ ഫോമിലാണെങ്കിൽ കോലിയും രോഹിത്തും വേണമെന്നില്ല,ടെസ്റ്റിൽ തലമുറമാറ്റം വരണമെന്ന് ആരാധകർ

അഭിറാം മനോഹർ

ഞായര്‍, 27 ഒക്‌ടോബര്‍ 2024 (09:42 IST)
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ പരാജയമായതോടെ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയ്ക്കും വിരാട് കോലിയ്ക്കുമെതിരെ വിമര്‍ശനവുമായി ആരാധകര്‍. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ പൂജ്യത്തിന് പുറത്തായ രോഹിത് രണ്ടാം ഇന്നിങ്ങ്‌സില്‍ 8 റണ്‍സ് മാത്രമാണെടുത്തത്. കോലിയുടെ സ്‌കോറാകട്ടെ 1, 17 എന്നിങ്ങനെയായിരുന്നു. രണ്ട് ഇന്നിങ്ങ്‌സിലും ന്യൂസിലന്‍ഡ് സ്പിന്നര്‍ സാന്റനര്‍ക്കായിരുന്നു കോലിയുടെ വിക്കറ്റ്.
 
കഴിഞ്ഞ 5 ടെസ്റ്റ് മത്സരങ്ങളിലായി ദയനീയമായ പ്രകടനങ്ങളാണ് ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ ഇരുവരും നടത്തുന്നതെന്നും അധികം വൈകാതെ തന്നെ യുവതലമുറയ്ക്ക് വഴിമാറികൊടുക്കുന്നതാകും നല്ലതെന്നുമാണ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പറയുന്നത്. കഴിഞ്ഞ 10 ടെസ്റ്റ് ഇന്നിങ്ങ്‌സുകളില്‍ 17,1,70,0,29*,47,17,6,12,46 എന്നിങ്ങനെയാണ് കോലിയുടെ സ്‌കോറുകള്‍. അതേസമയം രോഹിത്തിന്റെയാകട്ടെ 55,103,6,5,23,8,2,52,0,8 എന്നിങ്ങനെയാണ് അവസാന 5 ടെസ്റ്റുകളിലെ പ്രകടനം. ഇത്തരത്തില്‍ ദയനീയമായ പ്രകടനം നടത്താനാണെങ്കില്‍ 2 പേരെയും ടീമിന് ആവശ്യമില്ലെന്നും യുവതാരങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കണമെന്നുമാണ് ആരാധകരുടെ അഭിപ്രായം. 
 
ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം നടത്തുന്ന യുവതാരങ്ങളായ അഭിമന്യൂ ഈശ്വരന്‍, റുതുരാജ് ഗെയ്ക്ക്വാദ് തുടങ്ങിയ താരങ്ങള്‍ക്ക് ടെസ്റ്റില്‍ അവസരം നല്‍കണമെന്നാണ് വിമര്‍ശകരുടെ ആവശ്യം. അതേസമയം കോലിയും രോഹിത് ശര്‍മയും ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി തങ്ങളുടെ ഫോം വീണ്ടെടുക്കണമെന്ന് പറയുന്നവരും കുറവല്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍