മെൽബൺ ടെസ്റ്റിൻ്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ മുന്നോട്ട് വെച്ച 474 റൺസിനെതിരെ ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ 2 വിക്കറ്റുകൾ നഷ്ടമായെങ്കിലും കോലിയും യശ്വസി ജയ്സ്വാളും ചേർന്ന സഖ്യം ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ഇതിനിടയിൽ ജയ്സ്വാൾ റണ്ണൗട്ടായതാണ് മത്സരഗതി തന്നെ മാറ്റിമറിച്ചത്.
കഴിഞ്ഞ മത്സരങ്ങളിൽ മധ്യനിരയിൽ പരാജയമായി മാറിയ നായകൻ രോഹിത് ശർമ ഓപ്പണിംഗിൽ തിരിച്ചെത്തിയെങ്കിലും വെറും 3 റൺസിന് രോഹിത് മടങ്ങി. കെ എൽ രാഹുൽ മികച്ച രീതിയിൽ ബാറ്റ് വീശിയെങ്കിലും കമ്മിൻസിൻ്റെ അത്ഭുതകരമായ പന്തിൽ താരം ക്ലീൻ ബൗൾഡായി പുറത്തായി. പിന്നീട് കൂടിചേർന്ന കോലി- ജയ്സ്വാൾ കൂട്ടുക്കെട്ട് 100 റൺസും കടന്ന് മുന്നേറുന്നതിനിടെയാണ് മത്സരഗതിയെ മാറ്റിയ റണ്ണൗട്ട് സംഭവിച്ചത്.