ബോക്‌സിംസ് ഡേ ടെസ്റ്റില്‍ നിര്‍ഭാഗ്യകരമായ രീതിയില്‍ പുറത്തായി ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. 140 റണ്‍സ് നേടി ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോററായ സ്റ്റീവ് സ്മിത്ത് പരമ്പരയിലെ തന്റെ രണ്ടാമത്തെ സെഞ്ചുറി മത്സരത്തില്‍ സ്വന്തമാക്കി. ടീം സ്‌കോര്‍ 450 കടത്തിയതിന് ശേഷമായിരുന്നു സ്മിത്തിന്റെ പുറത്താകല്‍. 3 സിക്‌സറും 13 ഫോറും ഉള്‍പ്പടെ മികച്ച രീതിയിലുള്ള പ്രകടനമാണ് സ്മിത്ത് നടത്തിയതെങ്കിലും താരത്തിന്റെ പുറത്താകല്‍ രസകരമായിരുന്നു.
ടീം സ്‌കോര്‍ 455ല്‍ നില്‍ക്കെ മിച്ചല്‍ സ്റ്റാര്‍ക്കിനെ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് സ്മിത്തും പുറത്തായത്. 455 റണ്‍സിന് 8 വിക്കറ്റ് എന്ന നിലയിലേക്ക് ടീം സ്‌കോര്‍ മാറിയതോടെ റണ്‍സ് ഉയര്‍ത്താനായി ആകാശ് ദീപിന്റെ പന്തില്‍ ക്രീസ് വിട്ട് ഓഫ് സൈഡിലേക്ക് കളിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താരം പുറത്തായത്. ക്രീസ് വിട്ടിറങ്ങിയ സ്മിത്തിന് ആകാശ് ദീപിന്റെ പന്ത് കണക്റ്റ് ചെയ്യാനായില്ല. ബാറ്റിനരികെ തട്ടിയ പന്ത് പിന്നീട് താരത്തിന്റെ ദേഹത്ത് കൊണ്ട് സ്റ്റമ്പിലേക്ക് പോവുകയായിരുന്നു. ഇതെല്ലാം തന്നെ നോക്കി നില്‍ക്കാനെ സ്മിത്തിന് സാധിച്ചുള്ളു. സ്മിത്ത് പുറത്തായതിന് പിന്നാലെ ഓസീസ് ഇന്നിങ്ങ്‌സ് 474 റണ്‍സില്‍ അവസാനിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 5 വിക്കറ്റുകള്‍ നഷ്ടമായി.