സെഞ്ചുറിയുമായി രാഹുൽ, കോലിക്കും പന്തിനും അർധസെഞ്ചുറി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ

Webdunia
വെള്ളി, 26 മാര്‍ച്ച് 2021 (17:16 IST)
കെഎൽ രാഹുലിന്റെ സെഞ്ചുറി പ്രകടനത്തിന്റെ കരുത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായെങ്കിലും കോലിയും കെഎൽ രാഹുലും ചേർന്ന കൂട്ടുക്കെട്ട് തകർച്ചയിൽ നിന്നും ടീമിനെ കരകയറ്റുകയായിരുന്നു. 6 വിക്കറ്റ് നഷ്ടത്തിൽ 336 റൺസാണ് മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയത്.
 
37/2 എന്ന നിലയിൽ ക്രീസിൽ ഒത്തുചേർന്ന കോലി രാഹുൽ കൂട്ടുകെട്ട് 121 റൺസ് ചേർത്ത ശേഷമാണ് പിരിഞ്ഞത്. അരധസെഞ്ചുറിയുമായി മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന ഇന്ത്യൻ നായകൻ സെഞ്ചുറി വരൾച്ചക്ക് അറുതി കാണുമെന്ന തോന്നൽ സൃഷ്ടിച്ചുവെങ്കിലും 66 റൺസിന് ജോസ് ബട്ട്‌ലറിന്റെ കയ്യിലൊതുങ്ങി. ആദിൽ റഷീദിനാണ് വിക്കറ്റ്.
 
അതേസമയം മോശം ഫോമിലായിരുന്ന രാഹുൽ ഒരറ്റത്ത് നിലയുറപ്പിച്ചു. 114 പന്തിൽ 108 റൺസ് നേടിയശേഷമാണ് രാഹുൽ പവലിയനിലേക്ക് മടങ്ങിയത്. അഞ്ചാമനായി ഇറങ്ങിയ റിഷഭ് പന്ത് അവസാന ഓവറുകളിൽ ആഞ്ഞടിച്ചതോടെ ഇന്ത്യ 300 റൺസ് തികച്ചു. 40 പന്തിൽ നിന്നും 7 സിക്‌സറുകളും 4 ഫോറും ഉൾപ്പടെ 77 റൺസ് നേടിയാണ് പന്ത് മടങ്ങിയത്. ഇന്ത്യക്ക് വേണ്ടി അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഹാർദിക് പാണ്ഡ്യ 16 പന്തിൽ 35 റൺസ് നേടി പുറത്തായി.
 
ഇംഗ്ലണ്ടിന് വേണ്ടി റീസ് ടോപ്‌ളി, ടോം കരൻ എന്നിവർ രണ്ടും സാം കരൻ,ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article