ഐസിസി പ്ലെയര്‍ ഓഫ് ദ മന്ത്, സെപ്റ്റംബറിന്റെ താരമായി ഗില്‍

Webdunia
വെള്ളി, 13 ഒക്‌ടോബര്‍ 2023 (15:20 IST)
ഐസിസിയുടെ സെപ്റ്റംബര്‍ മാസത്തെ മികച്ച പെര്‍ഫോര്‍മറിനുള്ള പുരസ്‌കാരം ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിന്. ഏഷ്യാകപ്പിലെയും പിന്നാലെ നടന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെയും മികച്ച പ്രകടനമാണ് പുരസ്‌കാരം സ്വന്തമാക്കാന്‍ ഗില്ലിനെ സഹായിച്ചത്. വനിതകളുടെ കാറ്റഗറിയില്‍ ശ്രീലങ്കന്‍ താരമായ ചമരി അട്ടപ്പട്ടുവാണ് പുരസ്‌കാരം സ്വന്തമാക്കിയത്. ടി20യില്‍ ബൗളിംഗിലും ബാറ്റിംഗിലും കാഴ്ചവെച്ച മികച്ച പ്രകടനമാണ് ചമരിക്ക് തുണയായത്.
 
കഴിഞ്ഞ മാസം ഏഷ്യാകപ്പില്‍ നേപ്പാളിനെതിരെ നേടിയ അര്‍ധസെഞ്ചുറിയോടെ തിളങ്ങിയ താരം പാകിസ്ഥാനെതിരെയും അര്‍ധസെഞ്ചുറി കണ്ടെത്തി. ബംഗ്ലാദേശിനെതിരെ സെഞ്ചുറി പ്രകടനവും തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരെ നടന്ന പരമ്പരയില്‍ ഒരു അര്‍ധസെഞ്ചുറിയും താരം സ്വന്തമാക്കി. കഴിഞ്ഞ മാസം 80 റണ്‍സ് ശരാശരിയില്‍ 480 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. 2 സെഞ്ചുറിയടക്കമാണ് ഈ പ്രകടനം. മുഹമ്മദ് സിറാജ്, ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്‍ എന്നിവരെ പിന്തള്ളിയാണ് ഗില്‍ നേട്ടം സ്വന്തമാക്കിയത്.
 
അതേസമയം ടി20യില്‍ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്ക സ്വന്തമാക്കിയ പരമ്പര വിജയത്തീന് പിന്നാലെയാണ് ചമരി മികച്ച വനിതാതാരമായി തിരെഞ്ഞെടുക്കപ്പെട്ടത്. ഇംഗ്ലണ്ടിനെ 21 ന് പരാജയപ്പെടുത്തുന്നതില്‍ ലങ്കന്‍ ക്യാപ്റ്റന്‍ കൂടിയായ ചമരിയുടെ പ്രകടനം നിര്‍ണായകമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article