പന്തിന് ഇനി മടങ്ങാം? ടീമിലെ പുതിയ റോൾ ആസ്വദിക്കുന്നതായി കെഎൽ രാഹുൽ

അഭിറാം മനോഹർ
ശനി, 25 ജനുവരി 2020 (12:11 IST)
ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പിങ് പദവി താൻ ശരിക്കും ആസ്വദിക്കുന്നതായി ഇന്ത്യൻ താരം കെ എൽ രാഹുൽ. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 56 റൺസ് നേടി ഇന്ത്യൻ വിജയത്തിൽ നിർണായക സംഭാവന നൽകിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
'ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ഞാന്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ എത്താറുണ്ടെങ്കിലും രാജ്യാന്തര ക്രിക്കറ്റിൽ വിക്കറ്റ് കീപ് ചെയ്യുക എന്നത് എനിക്ക് പുതിയ ജോലിയാണ്. സത്യസന്ധമായും ഞാനത് ആസ്വദിക്കുന്നു. വിക്കറ്റിന് പുറകിൽ നിൽക്കുന്നത് ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ട് എന്തെന്നാൽ വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ പിച്ചിനെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണ ലഭിക്കും. ഇത് ക്യാപ്‌റ്റനും ബൗളർമാർക്കും കൈമാറാൻ എനിക്കാവും. വിക്കറ്റിന് പുറകിൽ നിൽക്കുമ്പോൾ നമ്മൾ എല്ലായ്‌പ്പോളും സജീവമായിരിക്കണം ആ ഉത്തരവാദിത്തം ഞാൻ ആസ്വദിക്കുന്നു'-രാഹുൽ പറഞ്ഞു
 
കുറേക്കാലമായി ഇന്ത്യന്‍ ടീമിലുണ്ടെങ്കിലും പ്ലേയിങ് ഇലവനിൽ മതിയായ അവസരങ്ങൾ ലഭിച്ചിരുന്നില്ലെന്ന് രാഹുൽ പറഞ്ഞു. ടീമിൽ ബാറ്റ്സ്മാൻ എന്ന നിലയിൽ സെറ്റാവണമെങ്കിൽ കൂടുതൽ മത്സരങ്ങൾ കളിക്കണം. ഇപ്പോൾ ഞാൻ ടീമിൽ സെറ്റായ പോലെ തൊന്നുന്നു രാഹുൽ പറഞ്ഞു.
 
വിക്കറ്റിന് പിന്നിലും മുന്നിലും രാഹുല്‍ ഒരുപോലെ തിളങ്ങുമ്പോള്‍ ഋഷഭ് പന്തിനെ ഇനി രണ്ടാം വിക്കറ്റ് കീപ്പറായി മാത്രമെ ടീമിലേക്ക് പരിഗണിക്കാൻ സാധ്യതയുള്ളു. രാഹുലിനെ കീപ്പറാക്കിയാല്‍ ഒരു അധിക ബാറ്റ്സ്മാനെ കൂടി ഉള്‍പ്പെടുത്താനാവുമെന്നതും ഇതിന് കാരണമാണ്. ഇതോടെ കീപ്പിങ് താരമെന്ന നിലയിൽ ടീമിലേക്ക് മടങ്ങിയെത്താനുള്ള പന്തിന്റെ സാധ്യതകൾക്കാണ് ഇപ്പോൾ മങ്ങലേറ്റിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article