ഹാർദ്ദിക്കിന് പന്തെറിയാം: യോ യോ ടെസ്റ്റ് പാസായി ഫി‌റ്റ്‌നസ് തെളിയിച്ച് താരം

Webdunia
വ്യാഴം, 17 മാര്‍ച്ച് 2022 (13:04 IST)
പരിക്കിൽ നിന്ന് മുക്തനായ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ബിസിസിഐയുടെ ഫിറ്റ്‌നസ് ടെസ്റ്റായ യോ-യോ ടെസ്റ്റിൽ വിജയിച്ചു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലായിരുന്നു താരത്തിന്റെ ശാരീരികക്ഷമത പരിശോധന.ഇതോടെ ഐപിഎല്ലിൽ താരം ഗുജറാത്ത് ലയൺസിനെ നയിക്കുമെന്ന് ഉറപ്പായി.
 
അതേസമയം ഡൽഹി ക്യാപ്പിറ്റൽസ് താരം പൃഥ്വി ഷാ ഫിറ്റ്‌നെസ് ടെസ്റ്റിൽ പരാജയപ്പെട്ടു.16.5 പോയിന്‍റാണ് ടെസ്റ്റ് ജയിക്കാൻ വേണ്ടത്. പൃഥ്വിക്ക് 15 പോയിന്‍റേ കിട്ടിയുള്ളൂ. എങ്കിലും ഐപിഎല്ലിൽ കളിക്കാൻ പൃഥ്വിക്ക് തടസമുണ്ടാവില്ല.
 
അടുത്ത ടി20 ലോകകപ്പിന് മുമ്പ് മികച്ച ടീമിനെ ഒരുക്കുന്നതിന്‍റെ ഭാഗമായി നിരവധി താരങ്ങളെ എന്‍സിഎയിലേക്ക് വിളിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവരും ഹാർദിക്കിനൊപ്പം എൻസിഎ‌യിൽ ഉണ്ടായിരുന്നു.ഐപിഎല്ലിന് മുമ്പ് താരങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പിക്കുകയാണ് ബിസിസിഐയുടെ പദ്ധതി. 
 
കഴിഞ്ഞ ഒക്‌ടോബറില്‍ നടന്ന ടി20 ലോകകപ്പിന് ശേഷം ഹര്‍ദിക് ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ല. ഇത് ടീമിൽ ഓൾറൗണ്ട‌ർ എന്ന സ്ഥാനത്തിൽ നിലനിൽക്കാൻ ഹാർദ്ദിക്കിന് തടസമാണ്. ബാറ്റർ എന്ന നിലയിലും താരത്തിന് തിളങ്ങാൻ കഴിയാതിരുന്നതോടെ ഐപിഎല്‍ മെഗാതാരലേലത്തിന് മുമ്പ് മുംബൈ ഇന്ത്യന്‍സ് ഹര്‍ദിക്കിനെ കൈവിട്ടിരുന്നു. ഫി‌റ്റ്‌നസ് ടെസ്റ്റ് വിജയിച്ചതോടെ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങുന്ന പഴയ ഹാർദ്ദിക്കിനെ കാണാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

അനുബന്ധ വാര്‍ത്തകള്‍

Next Article