'ഇങ്ങനെ തുടരുന്നതില്‍ അര്‍ത്ഥമില്ല'; രഹാനെയ്ക്ക് പുജാരയ്ക്കും മുന്നറിയിപ്പ്

Webdunia
ചൊവ്വ, 4 ജനുവരി 2022 (08:55 IST)
ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ചേതേശ്വര്‍ പുജാരയുടേയും അജിങ്ക്യ രഹാനെയുടേയും റോളുകള്‍ ചോദ്യം ചെയ്യപ്പെടുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ മോശം പ്രകടനമാണ് ഇരുവര്‍ക്കുമെതിരെ ആരാധക രോഷം ഉയരാന്‍ കാരണം. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രഹാനെയേയും പുജാരയേയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. 
 
തുടര്‍ച്ചയായി ഇരുവര്‍ക്കും അവസരം നല്‍കുന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി മോശം ഫോമില്‍ നിന്ന് കരകയറാന്‍ പറ്റാത്ത ഇരുവരേയും മാറ്റിനിര്‍ത്താന്‍ ബിസിസിഐ എന്തുകൊണ്ട് മടിക്കുന്നു എന്നാണ് പ്രധാന ചോദ്യം. 
 
കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഇരുവരുടേയും ടെസ്റ്റ് കരിയറിലെ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ആരാധകരുടെ വിമര്‍ശനങ്ങളില്‍ കാമ്പുണ്ടെന്ന് വേണം കരുതാന്‍. 19 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 25.52 ശരാശരിയില്‍ വെറും 868 റണ്‍സാണ് പുജാര കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നേടിയത്. രഹാനെയുടെ കണക്കുകള്‍ അതിനേക്കാള്‍ മോശമാണ്. 18 ടെസ്റ്റുകളില്‍ നിന്ന് 24.22 ശരാശരിയോടെ വെറും 751 റണ്‍സ് ! ഇവരേക്കാള്‍ മികവ് പുലര്‍ത്തുന്ന ഹനുമ വിഹാരിയേയും ശ്രേയസ് അയ്യരിനേയും ടെസ്റ്റ് ടീമില്‍ സ്ഥിരമാക്കണമെന്നാണ് ആരാധകരുടെ ആവശ്യം. 
 
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ പുജാര മൂന്ന് റണ്‍സെടുത്ത് പുറത്തായപ്പോള്‍ രഹാനെ ഗോള്‍ഡന്‍ ഡക്കായി. 
 
രഹാനെയും പുജാരയും ഇങ്ങനെ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ബിസിസിഐയുടേയും നിലപാട്. ഇരുവരും ടീമില്‍ നിന്ന് മാറിനില്‍ക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടേക്കും. രഹാനെയുടേയും പുജാരയുടേയും പ്രകടനത്തില്‍ സെലക്ടര്‍മാര്‍ അതീവ നിരാശരാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article