കുട്ടിക്കാലം മുതലുള്ള അടുപ്പം, സൗഹൃദം പ്രണയമായി; ഇന്‍ട്രോവെര്‍ട്ടായ രഹാനെയ്ക്ക് രാധിക ജീവിതസഖിയായത് ഇങ്ങനെ

തിങ്കള്‍, 3 ജനുവരി 2022 (09:07 IST)
താരങ്ങളുടെ പ്രണയകഥകള്‍ എപ്പോഴും ആരാധകര്‍ക്ക് വലിയ ഹരമാണ്. അങ്ങനെ സിനിമ സ്റ്റൈലില്‍ ഒരു പ്രണയകഥ പറയാനുള്ള താരമാണ് അജിങ്ക്യ രഹാനെ. മലയാളത്തിലെ ഹിറ്റ് ചിത്രം നിറം പോലെ കളര്‍ഫുള്‍ ആയിരുന്നു രഹാനെയുടെ പ്രണയവും. 
 
രഹാനെ തന്റെ ആത്മമിത്രം രാധിക ദൊപാവ്കറിനെ വിവാഹം കഴിക്കുന്നത് 2014 ലാണ്. കുട്ടിക്കാലം മുതലേ നാണംകുണുങ്ങി പയ്യനായിരുന്നു രഹാനെ. അധികം ആരോടും പെട്ടെന്ന് കൂട്ടുകൂടില്ല. എന്നാല്‍, തന്റെ വീടിന്റെ തൊട്ടടുത്ത വീട്ടിലുള്ള രാധികയെന്ന പെണ്‍കുട്ടി രഹാനെയുടെ പ്രിയപ്പെട്ട ബാല്യകാലസുഹൃത്തായിരുന്നു. ചെറുപ്പംമുതലെ ഇരുവരും ഒരുമിച്ചായിരുന്നു. വളരുംതോറും ഇരുവരുടെയും സൗഹൃദവും ആഴത്തിലായി. രണ്ട് പേരുടെയും സ്വഭാവം രണ്ട് ധ്രുവങ്ങളിലാണെങ്കിലും ഇരുവരും തമ്മില്‍ നല്ല സുഹൃദ്ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. സുഹൃത്തുക്കള്‍ എന്നതിനപ്പുറമുള്ള ബന്ധമൊന്നും ഒരിക്കലും ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിട്ടില്ല. 
 
എന്നാല്‍, രഹാനെയുടെയും രാധികയുടെയും മാതാപിതാക്കള്‍ ഇരുവരുടെയും സൗഹൃദത്തെ കുറച്ചുകൂടെ കാര്യമായെടുത്തു. നിങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ വിവാഹം നടത്താന്‍ തയ്യാറാണെന്ന് രഹാനെയോടും രാധികയോടും മാതാപിതാക്കള്‍ പറഞ്ഞു. കുട്ടിക്കാലം മുതലുള്ള സൗഹൃദം തുടരാന്‍ ഇരുവരും തീരുമാനിച്ചത് അങ്ങനെയാണ്. 2014 സെപ്റ്റംബര്‍ 26 നായിരുന്നു ഇരുവരും വിവാഹിതരായത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍