ടെസ്റ്റ് ക്രിക്കറ്റിൽ മോശം പ്രകടനം ആവർത്തിച്ച് ടീമിലെ സീനിയർ താരം ചേതേശ്വർ പുജാര. ടീമിലെ നിലനിൽപ്പിന് മികച്ച പ്രകടനം അനിവാര്യമായിരിക്കെ 33 പന്തിൽ വെറും 3 റൺസുമായാണ് രണ്ടാം ടെസ്റ്റിൽ പുജാര പുറത്തായത്. ഫോം കണ്ടെത്താൻ കഷ്ടപ്പെടുന്ന മറ്റൊരു സീനിയർ താരമായ അജിങ്ക്യ രഹാനെയാവട്ടെ റൺസൊന്നും തന്നെ നേടാതെയാണ് മടങ്ങിയത്.
മൂന്നാം സഹസ്രാബ്‌ദത്തിലെ മൂന്നാം പതിറ്റാണ്ടിലെ മൂന്നാം വർഷത്തിലെ മൂന്നാം ദിനത്തിലാണ് പുജാര 33 പന്തിൽ 3 റൺസുമായി മടങ്ങിയത്. പുജാരയുടെ പ്രായവും 33 ആയതോടെയാണ് ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മത്സരത്തിലെ ഈ അപൂർവത കണ്ടെത്തിയത്. മത്സരത്തിൽ സ്വാധീനമൊന്നും ചെലുത്താൻ പുജാരയുടെ പ്രകടനത്തിനായില്ലെങ്കിലും അപൂർവ നേട്ടമാണ് താരം കുറിച്ചതെന്ന് സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ പരിഹാസം ഉയരുന്നുണ്ട്. ഒടുവിൽ വിവരം കിട്ടുമ്പോൾ 51 ഓവറിൽ 150 റൺസിന് 5 വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 50 റൺസെടുത്ത ഇന്ത്യൻ നായകൻ കെഎൽ രാഹുൽ മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.