ഇംഗ്ലണ്ടിന്റെ ആദ്യ മൂന്ന് ബാറ്റര്‍മാരും സെഞ്ചുറി നേടി. മൂന്നാമനായി ക്രീസിലെത്തിയ ഒലി പോപ്പ് 163 പന്തില്‍ 169 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. 18 പന്തില്‍ ഒന്‍പത് റണ്‍സുമായി ഹാരി ബ്രൂക്കാണ് ഒലി പോപ്പിനൊപ്പം ക്രീസില്‍. ഓപ്പണര്‍മാരായ സാക് ക്രൗലി (171 പന്തില്‍ 124), ബെന്‍ ഡക്കറ്റ് (134 പന്തില്‍ 140) എന്നിവരും ഇംഗ്ലണ്ടിനായി സെഞ്ചുറി നേടി. ജോ റൂട്ട് 44 പന്തില്‍ 34 റണ്‍സെടുത്ത് പുറത്തായി.
ടെസ്റ്റ് ചരിത്രത്തില്‍ ആദ്യദിനത്തില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറുകളുടെ പട്ടികയില്‍ അഞ്ചാമതാണ് സിംബാബ്വെയ്‌ക്കെതിരെ ഇംഗ്ലണ്ട് നേടിയ 498 റണ്‍സ്. ഒരു ദിവസം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ടീമെന്ന നേട്ടം ഇപ്പോഴും ഇംഗ്ലണ്ടിന്റെ കൈവശമാണ്. 1936 ലെ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ഒരു ദിവസം 588 റണ്‍സ് നേടിയിരുന്നു. 2022 ല്‍ പാക്കിസ്ഥാനെതിരെ റാവല്‍പിണ്ടി ടെസ്റ്റില്‍ ആദ്യദിനം ഇംഗ്ലണ്ട് 506 റണ്‍സെടുത്തതും റെക്കോര്‍ഡാണ്.