മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്
അടുത്തമാസം നടക്കുന്ന ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് ഏറെ കടുപ്പമാകുമെന്ന് മുന്‍ ബാറ്റിംഗ് കോച്ചായ വിക്രം റാത്തോഡ്. വിരാട് കോലി, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍ എന്നീ 3 വെറ്ററന്‍ താരങ്ങള്‍ വിരമിച്ചതിന് ശേഷം ആദ്യമായാണ് ഇന്ത്യ ടെസ്റ്റ് മത്സരങ്ങള്‍ക്കിറങ്ങുന്നത്. പരിചയക്കുറവുള്ള നിര എന്നതിനൊപ്പം ഇംഗ്ലണ്ട് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക എന്നതും ഇന്ത്യയ്ക്ക് വെല്ലിവിളിയാകുമെന്നും വിക്രം റാത്തോഡ് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് സീരിസിനായി ടീം ഇന്ത്യയുടെ സ്‌ക്വാഡ് പ്രഖ്യാപനം മേയ് 23നാണ് നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രോഹിത് ശര്‍മയ്ക്ക് പകരം ആരാകും നായകനെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നിലവില്‍ ശുഭ്മാന്‍ ഗില്‍,റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നീ താരങ്ങളുടെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. കോലി വിരമിച്ചതോടെ ടെസ്റ്റ് ടീമില്‍ നാലാം നമ്പര്‍ താരത്തിനെയും ബിസിസിഐയ്ക്ക് കണ്ടത്തേണ്ടി വരും. ശ്രേയസ് അയ്യര്‍, കരുണ്‍ നായര്‍, സായ് സുദര്‍ശന്‍, അഭിമന്യൂ ഈശ്വരന്‍ എന്നിവരുടെ പേരുകളാണ് ടെസ്റ്റ് ഫോര്‍മാറ്റിനായി ഉയര്‍ന്ന് കേള്‍ക്കുന്നത്. ബൗളിങ്ങില്‍ ബുമ്രയ്‌ക്കൊപ്പം മൊഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മൊഹമ്മദ് ഷമി, അര്‍ഷദീപ് സിംഗ് എന്നിവരെയും പരിഗണിക്കുന്നുണ്ട്. ജൂണ്‍ 20നാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സീരീസ് ആരംഭിക്കുക.