വാര്‍ണര്‍ ഒരു കൊലയാളി തന്നെ; പാകിസ്ഥാനെ അടിച്ചോടിച്ച ഓസീസ് താരം അപൂർവ നേട്ടത്തില്‍ - ക്രിക്കറ്റ് ലോകം ഞെട്ടലില്‍

Webdunia
ചൊവ്വ, 3 ജനുവരി 2017 (19:46 IST)
ബോളര്‍മാരുടെ പേടി സ്വപ്‌നമായ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാർണർ ടെസ്‌റ്റില്‍ അപൂർവ നേട്ടം കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ സെഷനിൽ തന്നെ സെഞ്ചുറി നേടുക എന്ന ചരിത്ര നേട്ടമാണ് പാകിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിന്റെ ആദ്യദിനം ഓസീസ് താരം സ്വന്തമാക്കിയത്.

ട്വന്റി-20 മൂഡില്‍ കളിച്ച വാർണർ വെറും 78 പന്തിൽ നിന്നാണ് സെഞ്ചുറി (113) നേടിയത്. 17 ഫോറുകളും അദ്ദേഹത്തിന്റെ ഇന്നിംഗ്‌സില്‍ പിറന്നു. സെഞ്ചുറി നേടിയതിന് പിന്നാലെ വഹാബ് റിയാസിനു വിക്കറ്റ് സമ്മാനിച്ച് അദ്ദേഹം കൂടാരം കയറുകയും ചെയ്‌തു.

41 വർഷത്തിനു ശേഷമാണ് ഇത്തരമൊരു നേട്ടം ലോകക്രിക്കറ്റിൽ പിറക്കുന്നത്. 1976ൽ പാകിസ്ഥാന്റെ മജിദ് ഖാൻ ആണ് ഇതിനു മുമ്പ് ഇങ്ങനെ ഒരു നേട്ടം കുറിച്ചത്. അതിന് മുമ്പായി ഓസീസ് താരങ്ങളായ വിക്ടർ ട്രംപർ (1902), ചാൾസ് മക്കാർത്തീനി (1926), ഡോൺ ബ്രാഡ്മാൻ (1930) എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്. ഇവർ മൂവരും റെക്കോർഡ് കണ്ടെത്തിയത് ഇംഗ്ലണ്ടിനെതിരെയാണ്.

തുടർച്ചയായ മൂന്നാം പുതുവർഷ ടെസ്റ്റിലാണ് ഡേവിഡ് വാർണർ സെഞ്ചുറി നേടുന്നത്. 2015ൽ ഇന്ത്യയ്ക്കെതിരെയും 2016ൽ വെസ്റ്റ് ഇൻഡീസിനെതിരെയും പുതുവർഷ ടെസ്റ്റിൽ വാർണർ സെഞ്ചുറി നേടിയിരുന്നു. തുടക്കത്തില്‍ തന്നെ ബോളര്‍മാരുടെ മനോവീര്യം തകര്‍ക്കുന്ന വമ്പന്‍ പ്രകടനമാണ് വാര്‍ണര്‍ പുറത്തെടുക്കത്.
Next Article