സ്‌റ്റേഡിയത്തിന് പുറത്തേക്ക് പറന്ന ഒരു കൂറ്റന്‍ സിക്‍സര്‍ പോലെയായിരുന്നു ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയെത്തന്നെ മാറ്റിമറിക്കാവുന്ന സുപ്രീംകോടതിയുടെ നിര്‍ണായക വിധിയുണ്ടായത്. ഇന്ത്യന്‍ ജനതയുടെ ലഹരിയായ ക്രിക്കറ്റിനെ നയിച്ച് കൂടുതല്‍ ഉന്നതമായ പദവികളില്‍ എത്താമെന്ന അനുരാഗ് ഠാക്കൂറിന്റെ സ്വപ്‌നങ്ങളെ പരമോന്നത കോടതി
ക്ലീൻ ബോൾഡാക്കുകയായിരുന്നു.
വടികൊടുത്ത് അടിവാങ്ങിയെന്ന് പറയുന്നതാകും അനുരാഗ് ഠാക്കൂറിന്റെ കാര്യത്തില്‍ ശരിയാകുക. ജസ്റ്റിസ് ആർഎം ലോധ സമിതിയുടെ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ തള്ളിയതും സുപ്രീംകോടതിയെ വിലകുറച്ച് കണ്ടതുമാണ് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഠാക്കൂറിനെ തെറിപ്പിച്ചത്.
കോഴ വിവാദത്തില്‍ മാനം കപ്പല്‍ കയറിയ ഇന്ത്യന്‍ ക്രിക്കറ്റിന് പുതുജീവന്‍ നല്‍കാനാണ് സുപ്രീംകോടതി
ലോധസമിതിയെ നിയോഗിച്ചത്. ബിസിസിഐ സുതാര്യമാക്കുന്നതിനുള്ള ശുപാർശകൾ സമർപ്പിക്കുകയായിരുന്നു ലക്ഷ്യം. ലോധസമിതി അവരുടെ കടമ വൃത്തിയായി ചെയ്‌തപ്പോള്‍ കോടതിയെ തെറ്റീദ്ധരിപ്പിക്കാനാണ് ബിസിസിഐ ഭരണനേതൃത്വം ശ്രമിച്ചത്.
തിങ്കളാഴ്‌ചത്തെ വിധി ചോദ്യം ചെയ്‌തുള്ള പുനഃപരിശോധനാ ഹർജി അനുരാഗിന് കോടതിയിൽ സമർപ്പിക്കാമെങ്കിലും കോടതിയുടെ എതിര്‍പ്പ് നേരിടുന്ന സാഹചര്യത്തില്‍ അതു തള്ളിക്കളയാനാണു സാധ്യത.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാത്രമല്ല ബിസിസിഐയില്‍ അടിഞ്ഞു കൂടിയിരുന്ന കറവരെ കഴുകി കളയാന്‍ ഉതകുന്നതായിരുന്നു ലോധയുടെ റിപ്പോര്‍ട്ട്. 70 വയസിനുമേല്‍ പ്രായമുള്ളവർ, മന്ത്രിമാർ, സർക്കാർ സേവകർ, മറ്റു സംഘടനകളിലെ ഭാരവാഹികൾ എന്നിവരെ ബിസിസിഐയിൽനിന്നും സംസ്ഥാന അസോസിയേഷനുകളിൽനിന്നും ഒഴിവാക്കുക, പദവികളിലുള്ളവരുടെ കാലാവധിയില്‍ പുതിയ ക്രമം കൊണ്ടുവരുക - എന്നീ നിര്‍ദേശങ്ങളാണ് അനുരാഗ് ഠാക്കൂറിന് കയ്‌ച്ചത്.
വിഷയം കോടതികളില്‍ എത്തുമ്പോഴെല്ലാം നിര്‍ദേശങ്ങള്‍ പാലിക്കാതെ ഒളിച്ചുകളി തുടര്‍ന്ന അനുരാഗിന് വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടിവന്നപ്പോഴും ഇങ്ങനെയൊരു വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. എന്തായാലും ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി പുതിയൊരു അധ്യായത്തിലേക്ക് കടക്കുന്നുവെന്ന് പറയുന്നതാകും ശരി. വരും കാലങ്ങളില്‍ നല്ല ഒരു ബിസിസിഐ ഭരണനേതൃത്വം ഉണ്ടാകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്: