കഴിവ് തെളിയിച്ചു, എന്നിട്ടും എന്റെ മകന് സ്ഥിരമായി അവസരങ്ങളില്ല, ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ക്കെതിരെ വാഷിങ്ടണ്‍ സുന്ദറിന്റെ അച്ഛന്‍
ദേശീയ ക്രിക്കറ്റ് ടീമില്‍ വാഷിങ്ടണ്‍ സുന്ദറിന് സ്ഥിരമായി അവസരം ലഭിക്കാത്തതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് പിതാവ് എം സുന്ദര്‍ രംഗത്ത്. ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ സെഞ്ചുറി നേടിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. തന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയാണ് മത്സരത്തില്‍ വാഷിങ്ടണ്‍ സുന്ദര്‍ നേടിയത്. ഇതിനിടെയാണ് സെലക്ടര്‍മാരെ വിമര്‍ശിച്ചുകൊണ്ടുള്ള എം സുന്ദറിന്റെ പരാമര്‍ശം.
വാഷിങ്ടണ്‍ സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു. എന്നിരുന്നാലും ആളുകള്‍ അവന്റെ പ്രകടനങ്ങള്‍ കണക്കിലെടുക്കാറോ സംസാരിക്കാറോ ഇല്ല. മറ്റ് കളിക്കാര്‍ക്ക് സ്ഥിരമായി അവസരങ്ങള്‍ ലഭിക്കുമ്പോള്‍ എന്റെ മകന് മാത്രം അത്രത്തോളം അവസരങ്ങള്‍ ലഭിക്കുന്നില്ല. നാലാം ടെസ്റ്റിന്റെ അവസാന ഇന്നിങ്ങ്‌സില്‍ ചെയ്തത് പോലെ അവന്‍ സ്ഥിരമായി അഞ്ചാം നമ്പരില്‍ ബാറ്റ് ചെയ്യണം. തുടര്‍ച്ചയായി 5-10 മത്സരങ്ങളില്‍ അവസരം കൊടുക്കണം. ആദ്യ ടെസ്റ്റില്‍ അവനെ കളിപ്പിച്ചില്ല എന്നത് തന്നെ അതിശയമാണെന്നും സുന്ദറിന്റെ പിതാവ് പറഞ്ഞു.
2017ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സുന്ദര്‍ 2021ലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. 2021ല്‍ അരങ്ങേറ്റം കുറിച്ചിട്ടും ഇതുവരെ 11 ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാണ് സുന്ദര്‍ കളിച്ചത്. ഇത്രയും മത്സരങ്ങളില്‍ നിന്നായി 44.86 എന്ന മികച്ച ബാറ്റിങ് ശരാശരിയും 27.87 എന്ന ബൗളിങ് ശരാശരിയും സുന്ദറിനുണ്ട്. 2021ല്‍ ഇംഗ്ലണ്ടിനെതിരെ ചെന്നൈയില്‍ 85 റണ്‍സും അഹമ്മദാബാദില്‍ 96 റണ്‍സും നേടിയിട്ടും വാഷിങ്ടണ്‍ സുന്ദറിനെ ടീമില്‍ നിന്ന് പുറത്തിരുത്തിയെന്നും ഇത് ന്യായമല്ലെന്നും എം സുന്ദര്‍ പറഞ്ഞു.
അതേസമയം ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് സുന്ദറിന് അര്‍ഹമായ അവസരം നല്‍കാത്തതിനെയും അദ്ദേഹം വിമര്‍ശിച്ചു. ഐപിഎല്‍ 2025 എലിമിനേറ്ററില്‍ മുംബൈക്കെതിരെ സുന്ദര്‍ 24 പന്തില്‍ 48 റണ്‍സ് നേടിയെന്നും രാജസ്ഥാന്‍ യശ്വസി ജയ്‌സ്വാളിനെ പിന്തുണയ്ക്കുന്നത് പോലെ ഗുജറാത്ത് തന്റെ മകനെ പിന്തുണയ്ക്കണമെന്നും എം സുന്ദര്‍ ആവശ്യപ്പെട്ടു.