2019ലെ ഓരോ ഫോർമാറ്റിലേയും മികച്ച താരങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ ഐസിസി പ്രഖ്യാപിച്ചു. മികച്ച ക്രിക്കറ്റ് താരത്തിന് നൽകുന്ന സർ ഗാരി സൊബേഴ്സ് ട്രോഫി ഇത്തവണ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ് ആണ് സ്വന്തമാക്കിയത്. ഏകദിന ലോകകപ്പിലെയും, ആഷസ് പരമ്പരയിലെയും മികച്ച പ്രകടനമാണ് ബെൻ സ്റ്റോക്സിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
ഏകദിന ക്രിക്കറ്റിലെ മികച്ച താരം ഇന്ത്യൻ ഓപ്പണർ രോഹിത് ഷർമയാണ്. ഓസിസ് താരം പാറ്റ് കമിൻസാണ് ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച താരം. ഏഴു റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകൾ വീഴ്ത്തിയ ദീപക് ചാഹറിന്റെ പ്രകടനം 2019ലെ മികച്ച ടി20 പ്രകടനമായി തിരഞ്ഞെടുക്കപ്പെട്ടു. ടെസ്റ്റ് ക്രിക്കറ്റിൽ അവിസ്‌മരണീയ പ്രകടനം നടത്തിയ ഓസിസ് താരം മാർനസ് ലെബൂഷെയ്നാണ് എമേർജിങ് പ്ലെയർ ഓഫ് ദ് ഇയർ പുരസ്കാരം.
ഇംഗ്ലങ്ങിൽ നടന്ന ഏകദിന ലോകകപ്പിനിടെ ഓസിസ് താരം സ്റ്റീവ് സ്മിത്തിനെ കൂവിയ ആരാധകരെ തിരുത്തിയ കോഹ്‌ലിയുടെ ഇടപെടൽ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം താരത്തിന് നേടി നൽകി. ഐസിസിയുടെ ടെസ്റ്റ്, വൺഡേയ് ടീമുകളുടെ നായകനും കോഹ്‌ലി തന്നെ. കഴിഞ്ഞ തവണ കോഹ്‌ലിയായിരുന്നു ഐസിസി പുരസ്കാര ജേതാക്കളിൽ മുന്നിൽ. ക്രിക്കറ്റർ ഓഫ് ദ് ഇയർ പുരസ്കാരത്തിന് പുറമെ, മികച്ച ഏകദിന, ടെസ്റ്റ് താരമായി തിരഞ്ഞെടുക്കപ്പെട്ടതും കോഹ്‌ലിയായിരുന്നു.