പുതിയ ക്യാപ്റ്റനായി ആര് വേണം? ബിസിസിഐയുടെ ചോദ്യത്തിനു രണ്ട് പേരുകള്‍ നിര്‍ദേശിച്ച് ദ്രാവിഡ്

Webdunia
വ്യാഴം, 4 നവം‌ബര്‍ 2021 (12:07 IST)
വിരാട് കോലി ടി 20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്ന സാഹചര്യത്തില്‍ പുതിയ നായകനെ തേടി ബിസിസിഐ. രവി ശാസ്ത്രിക്ക് ശേഷം ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്തെത്തുന്ന രാഹുല്‍ ദ്രാവിഡിനോട് ബിസിസിഐ ഇക്കാര്യത്തില്‍ നിര്‍ദേശം തേടി. ഇന്നലെയാണ് ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനാകുമെന്ന് ബിസിസിഐ ഔദ്യോഗികമായി അറിയിച്ചത്. ബിസിസിഐ അധികൃതരുടെ സാന്നിധ്യത്തില്‍ രാഹുല്‍ ദ്രാവിഡുമായി ചര്‍ച്ച നടന്നു. ഈ ചര്‍ച്ചയിലാണ് പുതിയ നായകനായി ആരുടെ പേര് നിര്‍ദേശിക്കുന്നു എന്ന ചോദ്യം രാഹുല്‍ ദ്രാവിഡിനോട് ഉന്നയിച്ചത്. 
 
ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് രാഹുല്‍ ദ്രാവിഡിന്റെ നിര്‍ദേശം ആരാഞ്ഞത്. രണ്ട് താരങ്ങളുടെ പേരുകളാണ് ദ്രാവിഡ് ബിസിസിഐയ്ക്ക് മുന്നില്‍വച്ചത്. നിലവിലെ ഉപനായകന്‍ രോഹിത് ശര്‍മയുടെ പേരാണ് ആദ്യം. കോലിക്ക് പിന്‍ഗാമിയായി രോഹിത് വരണമെന്ന് ദ്രാവിഡ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കെ.എല്‍.രാഹുലിനെയാണ് ദ്രാവിഡ് രണ്ടാമതായി പിന്തുണച്ചത്. രോഹിത്തിന്റെ പ്രായം ചിലപ്പോള്‍ തിരിച്ചടിയായേക്കാം. അങ്ങനെ വരുന്ന സാഹചര്യത്തില്‍ കെ.എല്‍.രാഹുലിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് രാഹുല്‍ ദ്രാവിഡിന്റെ അബിപ്രായം. റിഷഭ് പന്തിനെ ഉപനായകന്‍ ആക്കണമെന്ന അഭിപ്രായമാണ് രാഹുല്‍ ദ്രാവിഡിനുള്ളത്. ടി 20 ലോകകപ്പ് അവസാനിക്കുന്നതോടെ പുതിയ നായകനെ ബിസിസിഐ പ്രഖ്യാപിക്കും.  
 

അനുബന്ധ വാര്‍ത്തകള്‍

Next Article