അബുദാബിയില്‍ ഇന്ത്യക്ക് വമ്പന്‍ ജയം; അഫ്ഗാനിസ്ഥാനെ വീഴ്ത്തിയത് 66 റണ്‍സിന്

ബുധന്‍, 3 നവം‌ബര്‍ 2021 (23:03 IST)
ടി 20 ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ ജയം. ഗ്രൂപ്പ് ഘട്ട പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യ വിജയം നേടിയത്. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്കു ശേഷമുള്ള ഇന്ത്യയുടെ വിജയമാണിത്. അബുദാബിയില്‍ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 66 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. കരീം ജാനറ്റ് ( 22 പന്തില്‍ പുറത്താകാതെ 44 റണ്‍സ്) ആണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍. മുഹമ്മദ് നബി 35 റണ്‍സ് നേടി. 
 
ഇന്ത്യക്കായി മുഹമ്മദ് ഷമി നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. രവിചന്ദ്രന്‍ അശ്വിന്‍ നാല് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി. 
 
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 210 റണ്‍സ് നേടിയത്. ഓപ്പണര്‍മാരായ കെ.എല്‍.രാഹുലും രോഹിത് ശര്‍മയും തുടക്കംമുതല്‍ തന്നെ അഫ്ഗാന്‍ ബൗളിങ് ആക്രമണത്തിനുമേല്‍ ആധിപത്യം പുലര്‍ത്തി. ഓപ്പണിങ് കൂട്ടുകെട്ട് 140 റണ്‍സ് എടുത്തു. 14.4 ഓവറില്‍ 140 റണ്‍സില്‍ നില്‍ക്കെയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. രോഹിത് ശര്‍മ മൂന്ന് സിക്‌സും എട്ട് ഫോറും സഹിതം 47 പന്തില്‍ 74 റണ്‍സ് നേടിയാണ് പുറത്തായത്. കെ.എല്‍.രാഹുല്‍ 48 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും സഹിതം 69 റണ്‍സ് നേടി. അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യ ( 13 പന്തില്‍ പുറത്താകാതെ 35), റിഷഭ് പന്ത് (13 പന്തില്‍ പുറത്താകാതെ 27) എന്നിവരും ആഞ്ഞടിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍