അബുദാബിയില്‍ ഇന്ത്യയുടെ ദീപാവലി വെടിക്കെട്ട്; അഫ്ഗാന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചോടിച്ചു, കൂറ്റന്‍ സ്‌കോര്‍

ബുധന്‍, 3 നവം‌ബര്‍ 2021 (21:05 IST)
അബുദാബി ഷെയ്ഖ് സയദ് സ്റ്റേഡിയത്തില്‍ ദീപാവലി വെടിക്കെട്ട് നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ടി 20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ കൂറ്റന്‍ സ്‌കോറാണ് ഇന്ത്യ ഉയര്‍ത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് നേടി. 
 
ഓപ്പണര്‍മാരായ കെ.എല്‍.രാഹുലും രോഹിത് ശര്‍മയും തുടക്കംമുതല്‍ തന്നെ അഫ്ഗാന്‍ ബൗളിങ് ആക്രമണത്തിനുമേല്‍ ആധിപത്യം പുലര്‍ത്തി. ഓപ്പണിങ് കൂട്ടുകെട്ട് 140 റണ്‍സ് എടുത്തു. 14.4 ഓവറില്‍ 140 റണ്‍സില്‍ നില്‍ക്കെയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. രോഹിത് ശര്‍മ മൂന്ന് സിക്‌സും എട്ട് ഫോറും സഹിതം 47 പന്തില്‍ 74 റണ്‍സ് നേടിയാണ് പുറത്തായത്. കെ.എല്‍.രാഹുല്‍ 48 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും സഹിതം 69 റണ്‍സ് നേടി. അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യ ( 13 പന്തില്‍ പുറത്താകാതെ 35), റിഷഭ് പന്ത് (13 പന്തില്‍ പുറത്താകാതെ 27) എന്നിവരും ആഞ്ഞടിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍