Gautam Gambhir: ഇന്ത്യന്‍ പരിശീലക സ്ഥാനം ഏറ്റെടുക്കണമെങ്കില്‍ താന്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ ബിസിസിഐ അംഗീകരിക്കണമെന്ന് ഗൗതം ഗംഭീര്‍. ടീം സെലക്ഷനില്‍ പൂര്‍ണ സ്വാതന്ത്ര്യം അടക്കം നിരവധി ഡിമാന്‍ഡുകളാണ് ഗംഭീര്‍ മുന്നോട്ടുവച്ചത്. ഇവയെല്ലാം അംഗീകരിക്കാമെന്നും പരിശീലക സ്ഥാനം ഏറ്റെടുക്കണമെന്നും ബിസിസിഐ ഗംഭീറിനെ അറിയിച്ചതായാണ് വിവരം. ട്വന്റി 20 ലോകകപ്പിനു ശേഷമായിരിക്കും ഗംഭീര്‍ പരിശീലക സ്ഥാനം ഏറ്റെടുക്കുക. ഈ ആഴ്ച ബിസിസിഐ പുതിയ പരിശീലകനെ പ്രഖ്യാപിക്കും.
'തനിക്ക് ഇഷ്ടമുള്ളവരെ സപ്പോര്‍ട്ടിങ് സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിക്കണം. ടീം സെലക്ഷനില്‍ തനിക്ക് പൂര്‍ണ സ്വാതന്ത്ര്യം വേണം. ടീം രൂപീകരിക്കുമ്പോള്‍ താരങ്ങളുടെ പ്രകടനം മാത്രമായിരിക്കും മാനദണ്ഡം. സീനിയോറിറ്റിക്ക് പ്രസക്തി നല്‍കില്ല. പ്രകടനത്തെ അടിസ്ഥാനമാക്കി വമ്പന്‍മാരെ പോലും ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയേക്കാം. ഫിറ്റ്‌നെസ് ടെസ്റ്റായ യോ യോ ടെസ്റ്റിനു പകരം ബദല്‍ മാര്‍ഗം കൊണ്ടുവരും.' ഈ ആവശ്യങ്ങളെല്ലാം അംഗീകരിക്കുകയാണെങ്കില്‍ പരിശീലക സ്ഥാനം ഏറ്റെടുക്കാമെന്നാണ് ഗംഭീറിന്റെ നിലപാട്. ഇതിനെല്ലാം സമ്മതമാണെന്ന് ബിസിസിഐ ഗംഭീറിനെ അറിയിക്കുകയും ചെയ്തതായി ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂന്ന് വര്‍ഷത്തെ കരാറില്‍ ആയിരിക്കും ഗംഭീര്‍ ഇന്ത്യന്‍ പരിശീലക സ്ഥാനം ഏറ്റെടുക്കുക. കാലാവധി കഴിഞ്ഞതിനാല്‍ രാഹുല്‍ ദ്രാവിഡ് ലോകകപ്പിനു ശേഷം പരിശീലക സ്ഥാനം ഒഴിയും. നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുഖ്യ ഉപദേഷ്ടാവാണ് ഗംഭീര്‍. ഇന്ത്യന്‍ പരിശീലക സ്ഥാനം ഏറ്റെടുക്കണമെങ്കില്‍ ഈ പദവി രാജിവയ്ക്കേണ്ടി വരും. ഗംഭീറിനെ നിലനിര്‍ത്താന്‍ കൊല്‍ക്കത്ത ഫ്രാഞ്ചൈസി ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ രാജ്യത്തിന്റെ താല്‍പര്യമാണ് വലുതെന്ന നിലപാടിലേക്ക് ഗംഭീര്‍ എത്തുകയായിരുന്നു.