Babar Azam: 11 പേര്‍ക്ക് പകരം എനിക്ക് കളിക്കാന്‍ പറ്റില്ലല്ലോ, തോറ്റത് ഒരു ടീം മുഴുവന്‍ ആണ്; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബാബര്‍ അസം

രേണുക വേണു

തിങ്കള്‍, 17 ജൂണ്‍ 2024 (07:43 IST)
Babar Azam: ലോകകപ്പ് തോല്‍വിയില്‍ പ്രതികരിച്ച് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. സൂപ്പര്‍ 8 ല്‍ എത്താതെ ടീം പുറത്തായതിനു ഒരാളെ മാത്രം വിമര്‍ശിച്ചിട്ട് കാര്യമില്ലെന്നും ടീം മുഴുവനാണ് തോറ്റതെന്നും ബാബര്‍ പറഞ്ഞു. ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് തീരുമാനമെടുക്കേണ്ടതെന്നും നിലവില്‍ ക്യാപ്റ്റന്‍സി ഒഴിയാന്‍ താന്‍ തീരുമാനിച്ചിട്ടില്ലെന്നും ബാബര്‍ പറഞ്ഞു. 
 
' ഞാന്‍ നിങ്ങളോട് പറഞ്ഞല്ലോ ഏതെങ്കിലും ഒരു വ്യക്തി കാരണമല്ല ഞങ്ങള്‍ തോറ്റത്. ഞങ്ങള്‍ ജയിക്കുന്നതും തോല്‍ക്കുന്നതും ഒരു ടീം എന്ന നിലയിലാണ്. പക്ഷേ നിങ്ങള്‍ ക്യാപ്റ്റനിലേക്ക് വിരല്‍ ചൂണ്ടുന്നത്. എനിക്ക് എല്ലാവരുടെയും സ്ഥാനങ്ങളില്‍ കളിക്കാന്‍ പറ്റില്ലല്ലോ. ടീമില്‍ 11 പേരുണ്ട്, എല്ലാവര്‍ക്കും അവരവരുടേതായ ഉത്തരവാദിത്തവും. അതുകൊണ്ടാണ് ഇവര്‍ ലോകകപ്പ് കളിക്കാന്‍ ഇവിടെ എത്തിയത്. ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ക്ക് നന്നായി കളിക്കാന്‍ സാധിച്ചിട്ടില്ല. പ്രതീക്ഷകള്‍ക്കൊത്ത് ഞങ്ങള്‍ക്ക് ഉയരാന്‍ സാധിച്ചില്ലെന്ന് അംഗീകരിക്കുന്നു. നായകനെന്ന നിലയില്‍ ഞാന്‍ ഏതെങ്കിലും ഒരാളെ കുറ്റം പറയാന്‍ ആഗ്രഹിക്കുന്നില്ല. വീഴ്ചകള്‍ ലോകകപ്പ് ടീമിലെ 15 പേരുടെ ഭാഗത്തുമുണ്ട്. ഞങ്ങള്‍ ഒന്നിച്ചിരുന്ന് പോരായ്മകള്‍ വിലയിരുത്തും,' ബാബര്‍ പറഞ്ഞു. 
 
ഇന്ത്യ അടങ്ങുന്ന എ ഗ്രൂപ്പില്‍ നിന്ന് സൂപ്പര്‍ 8 ല്‍ പ്രവേശിക്കാന്‍ പാക്കിസ്ഥാന് സാധിച്ചിട്ടില്ല. ഇന്ത്യയോടും യുഎസ്എയോടും പാക്കിസ്ഥാന്‍ തോല്‍വി വഴങ്ങിയിരുന്നു. കാനഡയ്‌ക്കെതിരെയും അയര്‍ലന്‍ഡിനെതിരെയും മാത്രമാണ് പാക്കിസ്ഥാന്‍ ജയിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍