റൺവേട്ട തുടർന്ന് ബാബർ അസം, ഹാഷിം അംലയുടെ റെക്കോർഡും തകർന്നു

Webdunia
തിങ്കള്‍, 22 ഓഗസ്റ്റ് 2022 (21:17 IST)
രാജ്യാന്തരക്രിക്കറ്റിൽ തൻ്റെ വിസ്മയകരമായ കുതിപ്പ് തുടർന്ന് പാകിസ്ഥാൻ നായകൻ ബാബർ അസം. ഏകദിന ക്രിക്കറ്റിലെ ആദ്യ 90 ഇന്നിങ്ങ്സുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ ഹാഷിം  അംലയുടെ റെക്കോർഡ് നേട്ടമാണ് ബാബർ മറികടന്നത്. നെതർലാൻഡ്സിനെതിരായ മൂന്നാം ഏകദിനത്തിലാണ് ബാബറിൻ്റെ നേട്ടം.
 
നെതർലാൻഡ്സിനെതിരായ മൂന്നാം ഏകദിനത്തിൽ 91 റൺസാണ് ബാബർ നേടിയത്. ഇതോടെ 90 ഏകദിന മത്സരങ്ങളിൽ നിന്നുമുള്ള ബാബറിൻ്റെ റൺ സമ്പാദ്യം 4664 ആയി. 59.79 ശരാശരിയിലാണ് ബാബറിൻ്റെ നേട്ടം. ദക്ഷിണാഫ്രിക്കൻ താരമായ ഹാഷിം അംല 90 ഏകദിന ഇന്നിങ്ങ്സുകളിൽ നിന്നും 4556 റൺസാണ് നേടിയിരുന്നത്. ഇതിനകം 17 ഏകദിന സെഞ്ചുറിയും 22 അർധസെഞ്ചുറികളും ബാബർ അസം നേടികഴിഞ്ഞു.
 
ബാബർ അസമിന് പുറമെ(88) ഹാഷിം അംല(89) വിവിയൻ റിച്ചാർഡ്സ്(98) എന്നിവർ മാത്രമാണ് ആദ്യ 100 ഏകദിന ഇന്നിങ്ങ്സുകൾക്കിടെ 4500 റൺസ് പൂർത്തിയാക്കിയ താരങ്ങൾ. അടുത്ത 10 ഇന്നിങ്ങ്സുകളിൽ നിന്നും 336 റൺസ് നേടിയാൽ 100 ഏകദിന മത്സരങ്ങളിൽ നിന്ന് 5000 റൺസ് സ്വന്തമാക്കുന്ന ആദ്യ താരമെന്ന നേട്ടം ബാബറിന് സ്വന്തമാക്കാം. അവസാന 10 ഏകദിന ഇന്നിങ്ങ്സുകളിൽ 158(139), 57(72),114(83),105*(115), 103(107),77(93),1(3),74(85),57(65),91(125) എന്നിങ്ങനെയാണ് ബാബറിന്‍റെ സ്‌കോര്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article