പുലി പതുങ്ങുന്നത് കുതിയ്ക്കാനാണ്, കോലിയെ പേടിക്കണമെന്ന് പാകിസ്ഥാൻ താരം

Webdunia
തിങ്കള്‍, 22 ഓഗസ്റ്റ് 2022 (21:11 IST)
രണ്ട് വർഷക്കാലമായി തൻ്റെ കരിയറിലെ ഏറ്റവും മോശം ഫോമിലാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോലി. മത്സരങ്ങളിൽ നിന്നൂംആറ് ആഴ്ചകളോളം വിശ്രമമെടുത്ത കോലി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത് ഏഷ്യാകപ്പിലൂടെയാണ്. ഈ മാസം 28ന് നടക്കുന്ന ഇന്ത്യാ-പാകിസ്ഥാൻ മത്സരത്തിലൂടെയാകും കോലിയുടെ മടങ്ങിവരവ്.
 
രണ്ട് വർഷത്തിന് മുകളിലായി മോശം ഫോമിലാണെങ്കിലും കോലിയെ നിസാരമായി കാണേണ്ടെന്ന് പാകിസ്ഥാൻ ടീമിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പാക് സ്പിന്നറായ യാസിർ ഷാ.പാകിസ്ഥാനെതിരെ എല്ലായിപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കുന്ന കോലി ഇത്തവണയും പതിവ് തെറ്റിക്കില്ലെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഫോമിലല്ലെങ്കിലും കോലിയെ ഭയക്കണമെന്ന് യാസിർ ഷാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
 
കോലി തൻ്റെ മികച്ച ഫോമിൽ അല്ലായിരിക്കും. എന്നാലും ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാൾ തന്നെയാണ് അദ്ദേഹം. റൺസിനായി ദാഹിക്കുന്ന കോലി ഒരു പ്രധാന ടൂർണമെൻ്റിൽ പ്രധാന മത്സരം നടക്കുമ്പോൾ എപ്പോൾ വേണമെങ്കിലും ഫോമിലേക്ക് ഉയരാം. അദ്ദേഹത്തെ നിസാരമായി കാണുന്നത് അങ്ങേയറ്റത്തെ മണ്ടത്തരമാവും. യാസിർ ഷാ പറഞ്ഞു.
 
ടി20യിൽ പാകിസ്ഥാനെതിരെ ഇതുവരെ കളിച്ച 7 മത്സരങ്ങളിൽ നിന്ന് 77.75 ആവറേജിൽ 311 റൺസാണ് കോലി നേടിയിട്ടുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article