ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മായങ്ക് പുറത്തേക്ക്, പരിശീലകനും മാറുന്നു: അടിമുടി മാറാനൊരുങ്ങി പഞ്ചാബ് കിംഗ്സ്

തിങ്കള്‍, 22 ഓഗസ്റ്റ് 2022 (15:00 IST)
ഐപിഎൽ പുതിയ സീസണിന് മുൻപ് വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി പഞ്ചാബ് കിംഗ്സ് ടീം. നേരത്തെ പരിശീലകൻ അനിൽ കുംബ്ലെയെ ടീം മാറ്റുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം നായകൻ മായങ്ക് അഗർവാളിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ടീം നീക്കം ചെയ്യുമെന്നാണ് സൂചന. മായങ്കിന് പകരം ഇംഗ്ലീഷ് ഓപ്പണർ ജോണി ബെയർസ്റ്റോ ടീമിനെ നയിക്കും.
 
പ്രമുഖ കായിക മാധ്യമമായ ഇൻസൈഡ് സ്പോർട്സാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. നായകനെന്ന നിലയിൽ മായങ്കിനെ ഇനി പരിഗണിക്കേണ്ടതില്ലെന്നാണ് പഞ്ചാബ് ടീം മാനേജ്മെൻ്റിൻ്റെ വിലയിരുത്തൽ. ടീമിനെ നയിക്കാനുള്ള താരങ്ങളുടെ പേരുകളിൽ മായങ്ക് അഗർവാളില്ല. പകരം ബാറ്റിങ്ങിൽ താരം ശ്രദ്ധ കേന്ദ്രീകരിക്കണം. അതേസമയം കുംബ്ലെയ്ക്ക് പകരം ആര് പരിശീലകനാകും എന്നത് തീരുമാനമായിട്ടില്ല. കൃത്യസമയത്ത് ഉചിതമായ തീരുമാനം ഫ്രാഞ്ചൈസി എടുക്കും. പഞ്ചാബ് കിംഗ്സ് ഒഫീഷ്യൽ ഇൻസൈഡ് സ്പോർട്സിനോട് വെളിപ്പെടുത്തി.
 
കഴിഞ്ഞ സീസണിൽ പഞ്ചാബ് നായകനായി 13 കളികളിൽ 16.33 ശരാശരിയിൽ വെറും 196 റൺസാണ് മായങ്ക് അഗർവാൾ നേടിയത്. 12 ഇന്നിങ്ങ്സിൽ അഞ്ച് തവണ ഒറ്റ സംഖ്യയിൽ പുറത്താവുകയും ചെയ്തു. ഐപിഎല്ലിലെ മോശം പ്രകടനത്തിന് പിന്നാലെ ദേശീയ ടീമിലെ സ്ഥാനവും മായങ്കിന് നഷ്ടമായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍