Asia Cup 2023 Predicted Squad: തിലക് വര്‍മയ്ക്ക് കൂടുതല്‍ അവസരം നല്‍കാന്‍ സെലക്ടര്‍മാര്‍, സഞ്ജുവിനെ തഴയും; ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ സാധ്യത സ്‌ക്വാഡ് ഇങ്ങനെ

Webdunia
ബുധന്‍, 16 ഓഗസ്റ്റ് 2023 (09:20 IST)
Asia Cup 2023 Predicted Squad: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും. ഏകദിന ലോകകപ്പ് മുന്നില്‍ കണ്ടായിരിക്കും ഏഷ്യാ കപ്പിനുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിക്കുക. ഓഗസ്റ്റ് 30 നാണ് ഏഷ്യാ കപ്പ് ആരംഭിക്കുക. രോഹിത് ശര്‍മ നായകസ്ഥാനത്ത് തുടരും. ഏതാനും യുവതാരങ്ങള്‍ക്ക് ഏഷ്യാ കപ്പ് ടീമില്‍ അവസരം നല്‍കാന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ആലോചിക്കുന്നുണ്ട്. ഇവരെ ഏകദിന ലോകകപ്പിലേക്ക് സജ്ജമാക്കുകയാണ് മാനേജ്‌മെന്റിന്റെ ലക്ഷ്യം. 
 
വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ മികവ് തെളിയിച്ച തിലക് വര്‍മ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കും. നാലാം നമ്പറില്‍ താരത്തിനു അത്ഭുതങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍. ശ്രേയസ് അയ്യരും കെ.എല്‍.രാഹുലും തിരിച്ചെത്തുകയാണെങ്കില്‍ സൂര്യകുമാര്‍ യാദവിന് അവസരം നഷ്ടമാകും. മലയാളി താരം സഞ്ജു സാംസണ്‍ സ്‌ക്വാഡില്‍ ഇടം പിടിക്കാനുള്ള സാധ്യത കുറവാണ്. 
 
ശുഭ്മാന്‍ ഗില്‍ തന്നെയായിരിക്കും രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറാകുക. വിരാട് കോലി മൂന്നാം നമ്പറില്‍ തുടരും. തിലക് വര്‍മയെ നാലാം നമ്പറിലേക്കാണ് പരിഗണിക്കുന്നത്. പാര്‍ട് ടൈം ബൗളര്‍ ആയി ഉപയോഗിക്കാം എന്നതും ഇടംകയ്യന്‍ ബാറ്റര്‍ ആണ് എന്നതും തിലകിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍ എന്നിവരെയും ടീമിലേക്ക് പരിഗണിക്കുന്നുണ്ട്. ഇരുവരുടെയും അസാന്നിധ്യത്തില്‍ മാത്രം സൂര്യകുമാറിന് അവസരം നല്‍കും. 
 
ഉപനായകനായി ഹാര്‍ദിക് പാണ്ഡ്യ തുടരും. കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവരായിരിക്കും പ്രധാന സ്പിന്നര്‍മാര്‍. രവിചന്ദ്രന്‍ അശ്വിന്‍ ടീമില്‍ ഇടം പിടിക്കില്ല. രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരായിരിക്കും സ്പിന്‍ ഓള്‍റൗണ്ടര്‍മാര്‍. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ക്കൊപ്പം പേസ് നിരയില്‍ മുകേഷ് കുമാറിനെയും ശര്‍ദുല്‍ താക്കൂറിനെയും പരിഗണിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article