വല്ലപ്പോഴും തോൽക്കുന്നതും നല്ലതാണ്, വെസ്റ്റിൻഡീസിനെതിരെ പരമ്പര നഷ്ടപ്പെടുത്തിയതിന് ശേഷം ഹാർദ്ദിക്

തിങ്കള്‍, 14 ഓഗസ്റ്റ് 2023 (14:59 IST)
വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പര കൈവിട്ടത് കാര്യമാക്കേണ്ടതില്ലെന്നും വല്ലപ്പോഴും തോല്‍ക്കുന്നത് നല്ലതാണെന്നും ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. തോല്‍വിയില്‍ നിന്നും പലതും പഠിക്കാനുണ്ടെന്നും അഞ്ചാം ടി20യിലെ തോല്‍വിക്ക് ശേഷം ഹാര്‍ദ്ദിക് പറഞ്ഞു. പരമ്പരയിലെ നിര്‍ണായകമായ അഞ്ചാം മത്സരം തോറ്റതോടെ ഇന്ത്യ പരമ്പര കൈവിട്ടിരുന്നു.
 
അവസാന മത്സരത്തിലെ ആദ്യ 10 ഓവറുകളില്‍ താന്‍ ഉള്‍പ്പെടുന്ന ബാറ്റര്‍മാര്‍ക്ക് റണ്‍നിരക്ക് ഉയര്‍ത്താന്‍ കഴിഞ്ഞില്ലെന്നും തോല്‍വിയില്‍ ഇത് നിര്‍ണായകമായെന്നും ഹാര്‍ദ്ദിക് പറഞ്ഞു. മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് 18 പന്തില്‍ നിന്നും 14 റണ്‍സെടുത്ത് പുറത്തായിരുന്നു. തോല്‍വിയില്‍ നിന്നും പല പാഠങ്ങള്‍ നമ്മള്‍ പഠിക്കേണ്ടതുണ്ട്. അതിനാല്‍ പരമ്പര നഷ്ടത്തെ പറ്റി അധികമായി ചിന്തിക്കുന്നില്ല. ഏഷ്യാകപ്പും ലോകകപ്പും വരാനിരിക്കുന്നു. അതിനാല്‍ തന്നെ വല്ലപ്പോഴും തോല്‍ക്കുന്നത് നല്ലതാണ്. മികവുറ്റ പ്രകടനം കാഴ്ചവെയ്ക്കുക എന്നതാണ് പ്രധാനം. ജയവും തോല്‍വിയുമെല്ലാം കളിയുടെ ഭാഗമാണ്. തോല്‍വിയില്‍ നിന്നും നമ്മള്‍ എന്ത് പഠിക്കുന്നു എന്നതാണ് പ്രധാനം.
 
ഓരോ മത്സരങ്ങള്‍ക്കും മുന്നോടിയായുള്ള പ്ലാനിംഗില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഓരോ മത്സരസാഹചര്യത്തിലും എന്താണോ ശരിയെന്ന് തോന്നുന്നത് അത് ചെയ്യുക എന്നതാണ് എന്റെ രീതി. പരമ്പരയില്‍ ഓരോ കളിക്കാരനും ആത്മവിശ്വാസത്തോടെയാണ് കളിച്ചത്. ഓരോ സാഹചര്യത്തിലും അവര്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നു. ക്യാപ്റ്റനെന്ന നിലയില്‍ എനിക്ക് അതാണ് കൂടുതല്‍ സന്തോഷം നല്‍കുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍