ബൗളിംഗും വഴങ്ങും, ഇന്ത്യന്‍ ക്രിക്കറ്റിന് തിലകക്കുറിയാകാന്‍ തിലകിന് സാധിക്കും, തോല്‍വിയിലും പ്രതീക്ഷയുടെ പുതുനാമ്പുകള്‍

തിങ്കള്‍, 14 ഓഗസ്റ്റ് 2023 (09:11 IST)
വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ പരാജയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിരാശജനകമാണെങ്കിലും ഇന്ത്യയ്ക്ക് ആകെ ആശ്വാസം നല്‍കുന്നത് മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു ഇടങ്കയ്യന്‍ ബാറ്ററെ കണ്ടെത്താനായി എന്നതാണ്. ആദ്യ അന്താരാഷ്ട്ര മത്സരമെന്ന സങ്കോചമില്ലാതെ തന്നെ ആദ്യ മത്സരത്തിലും പിന്നീട് തുടര്‍ന്ന് കളിച്ച ഇന്നിങ്ങ്‌സുകളിലും മികച്ച നിലയില്‍ ബാറ്റ് വീശാന്‍ തിലക് വര്‍മ എന്ന യുവതാരത്തിനായി.
 
മലയാളി താരം സഞ്ജു സാംസണ്‍ തനിക്ക് ഏറെ നിര്‍ണായകമായ അവസരം തുലച്ചുകളഞ്ഞപ്പോള്‍ ആദ്യ സീരീസിലെ അഞ്ച് മത്സരങ്ങളില്‍ നിന്നും 57.66 ശരാശരിയില്‍ 173 റണ്‍സാണ് തിലക് വര്‍മ നേടിയത്. 175 റണ്‍സെടുത്ത നിക്കോളാസ് പുരനാണ് റണ്‍സ് വേട്ടയില്‍ ഒന്നാമത്. തിലക് വര്‍മയുടെ വരവോടെ ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ നാലാം സ്ഥാനത്ത് ആര് കളിക്കണം എന്ന ചോദ്യത്തിന് കൂടിയാണ് ഉത്തരമായിരിക്കുന്നത്. അതേസമയം പരമ്പരയില്‍ ബൗളിംഗില്‍ കൂടി ഒരു കൈ വെച്ച തിലക് വര്‍മ നിക്കോളാസ് പുരന്റെ വിക്കറ്റും സ്വന്തമാക്കിയിരുന്നു. സെവാഗ്,റെയ്‌ന,യുവരാജ് കാലഘട്ടത്തിന് ശേഷം ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ബൗള്‍ ചെയ്യുന്ന ബാറ്റര്‍മാര്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരളമാണ്.ഇതിനും ഒരു പരിഹാരം കാണാന്‍ തിലക് വര്‍മയ്ക്ക് സാധിക്കും.
 
അതേസമയം പരമ്പര 3-2 എന്ന നിലയിലാണ് ഇന്ത്യ കൈവിട്ടത്. 17 വര്‍ഷത്തില്‍ ഇതാദ്യമായാണ് ഇന്ത്യ വെസ്റ്റിന്‍ഡീസിനോട് പരമ്പര തോല്‍ക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍