കഴിഞ്ഞ ഐപിഎല്ലിലും തുടക്കത്തിൽ സൂര്യ ബുദ്ധിമുട്ടി, പക്ഷേ അവന് എന്ത് ചെയ്യാനാകുമെന്ന് പിന്നീട് നമ്മൾ കണ്ടു, ഏകദിനത്തിലും സ്ഥിതി സമാനം: രോഹിത് ശർമ
ടി20 ക്രിക്കറ്റില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരമാണെങ്കിലും ഏകദിനക്രിക്കറ്റില്‍ കിട്ടിയ അവസരങ്ങളില്‍ ഒന്നും തന്നെ സൂര്യകൂമാര്‍ യാദവിനായിട്ടില്ല. ലോകകപ്പ് അടുക്കുന്ന സാഹചര്യത്തില്‍ താരത്തിന് ഏകദിനത്തില്‍ തുടരെ അവസരങ്ങള്‍ നല്‍കിയെങ്കിലും ഏകദിന ക്രിക്കറ്റില്‍ കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സൂര്യയ്ക്ക് സാധിച്ചില്ല. എന്നാല്‍ ഏകദിനത്തിലെ ഈ മോശം പ്രകടനം സൂര്യയുടെ ടി20 ഗെയിമിനെ ബാധിച്ചിട്ടില്ല. ഇതോടെ സൂര്യകുമാറിന്റെ കാര്യത്തില്‍ വലിയ ആശയക്കുഴപ്പത്തിലാണ് ടീം.
സൂര്യ മികച്ച താരമാണെന്നും ഒറ്റയ്ക്ക് മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ ശേഷിയുള്ള താരമാണെന്നും ആരാധകര്‍ക്കും ബോധ്യമുണ്ട്. എന്നാല്‍ ടി20 ക്രിക്കറ്റില്‍ മാത്രമാണ് സൂര്യ ഈ പ്രകടനം നടത്തുന്നതെന്നും അതിനാല്‍ തന്നെ തുടരെ ഏകദിനങ്ങളില്‍ അവസരങ്ങള്‍ നല്‍കുന്നത് മറ്റൊരാളുടെ അവസരം നിഷേധിക്കലാണെന്നും ആരാധകര്‍ പറയുന്നു. എങ്കിലും സൂര്യയെ വിശ്വാസത്തിലെടുത്ത് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ് ടീം മാനേജ്‌മെന്റ് ചെയ്യുന്നത്. അതിന് കാരണമായി നായകന്‍ രോഹിത് ശര്‍മ പറയുന്നത് ഇങ്ങനെ.
ടി20യില്‍ സൂര്യയുടെ കഴിവ് എന്താണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് ഞാന്‍ കരുതുന്നു. ഏകദിനത്തില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. എന്നാല്‍ ഏകദിനത്തിലും മെച്ചപ്പെടുവാനായി എല്ലാ കാര്യങ്ങളും സൂര്യ ചെയ്യുന്നുണ്ട്. നിങ്ങള്‍ കഴിഞ്ഞ ഐപിഎല്‍ നോക്കു. തുടക്കത്തിലെ കളികളില്‍ ഒന്നും തന്നെ സൂര്യയ്ക്ക് തിളങ്ങാനായിരുന്നില്ല. എന്നാല്‍ ഐപിഎല്‍ അവസാനിക്കുമ്പോള്‍ 605 റണ്‍സ് സൂര്യ നേടിയിരുന്നു. അതും 43.21 എന്ന മികച്ച ശരാശരിയും 181.13 എന്ന അവിശ്വസനീയമായ സ്‌െ്രെടക്ക് റേറ്റിലും. സൂര്യ അങ്ങനെയുള്ള ഒരു കളിക്കാരനാണ്. അവനെ അവന്റെ സ്വാതന്ത്ര്യത്തില്‍ കളിക്കാന്‍ അനുവദിക്കുകയാണ് ചെയ്യേണ്ടത്.
ചിലപ്പോള്‍ കാര്യങ്ങള്‍ അവന്റെ നിയന്ത്രണത്തില്‍ എത്തുന്നതിനായി കുറച്ച് മത്സരങ്ങള്‍ നല്‍കേണ്ടി വരും. കഴിഞ്ഞ ഐപിഎല്ലില്‍ സംഭവിച്ചത് അതാണ്. സൂര്യയെ പോലൊരു കളിക്കാരന് അങ്ങനെ അവസരങ്ങള്‍ നല്‍കുന്നതില്‍ നഷ്ടമില്ല. കാരണം പിന്നീട് അവന്‍ നിങ്ങള്‍ക്കായി മത്സരങ്ങള്‍ വിജയിപ്പിക്കും രോഹിത് പറഞ്ഞു. ടി20 ക്രിക്കറ്റില്‍ 51 മത്സരങ്ങളില്‍ നിന്നും 45.6 എന്ന ശരാശരിയില്‍ 1780 റണ്‍സ് അടിച്ചെടുത്ത സൂര്യകുമാര്‍ 26 ഏകദിനങ്ങളില്‍ നിന്നും നേടിയത് 511 റണ്‍സ് മാത്രമാണ്. 24.33 ശരാശരി മാത്രമാണ് ഏകദിനത്തില്‍ താരത്തിനുള്ളത്.