ടി20യിൽ വന്നിട്ട് 2 വർഷം മാത്രം, രോഹിത്തിനെയും പിന്നിലാക്കി സൂര്യ, കോലിയും സേഫ് അല്ല

ബുധന്‍, 9 ഓഗസ്റ്റ് 2023 (15:42 IST)
ഐപിഎല്ലില്‍ ദീര്‍ഘകാലമായി മികച്ച പ്രകടനം നടത്തിയ ബലത്തില്‍ ഏറെ വൈകി തന്റെ മുപ്പതാം വയസിലാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ക്രിക്കറ്റില്‍ അരങ്ങേറിയത്. എന്നാല്‍ 2021ലാണ് ടി20 ക്രിക്കറ്റില്‍ അരങ്ങേറിയതെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിലെ വലിയ പേരുകളായ രോഹിത് ശര്‍മയ്ക്കും വിരാട് കോലിയ്ക്കുമെല്ലാം ഒപ്പമെത്തിയിരിക്കുകയാണ് സൂര്യ.
 
ഇതുവരെ 51 ടി20 മത്സരങ്ങളില്‍ കളിച്ച സൂര്യ 12 തവണയാണ് ടി20യില്‍ കളിയിലെ മികച്ച താരത്തിനുള്ള നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 2007ല്‍ ടി20 ക്രിക്കറ്റില്‍ അരങ്ങേറി 16 വര്‍ഷക്കാലമായി ഇന്ത്യന്‍ ടീമീലുള്ള രോഹിത് ശര്‍മ 148 മത്സരങ്ങളില്‍ നിന്നും സ്വന്തമാക്കിയ നേട്ടമാണ് വെറും 51 മത്സരങ്ങളില്‍ നിന്നും സൂര്യകുമാര്‍ യാദവ് മറികടന്നത്. 148 ടി20 മത്സരങ്ങളില്‍ 11 തവണ മാത്രമായിരുന്നു രോഹിത് കളിയിലെ താരമായി തെരെഞ്ഞെടുക്കപ്പെട്ടിരുന്നത്.
 
നിലവില്‍ 115 ടി20 മത്സരങ്ങളില്‍ നിന്നും 15 തവണ കളിയിലെ മികച്ച താരമായി തെരെഞ്ഞെടുക്കപ്പെട്ട വിരാട് കോലിയുടെ പേരിലാണ് റെക്കോര്‍ഡുള്ളത്. എന്നാല്‍ ശരാശരി നാലു കളികളില്‍ ഒരു തവണ മാന്‍ ഓഫ് ദ മാച്ചായി തെരെഞ്ഞെടുക്കപ്പെടുന്ന സൂര്യയ്ക്ക് നിലവിലെ ഫോം തുടര്‍ന്നാല്‍ ഈ നേട്ടം എളുപ്പത്തില്‍ മറികടക്കാനാകും. 13 വര്‍ഷത്തെ ടി20 ക്രിക്കറ്റിലെ പ്രകടനത്തിലാണ് കോലി 15 തവണ ഇന്ത്യയ്കായി മാന്‍ ഓഫ് ദ മാച്ചായി തെരെഞ്ഞെടുക്കപ്പെട്ടത്. അതായത് ശരാശരി ഏഴ് കളികളില്‍ ഒരു തവണയാണ് കോളി കളിയിലെ താരമാകുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍