ഇന്ത്യ കപ്പെടുക്കണമെന്ന് തന്നെയാണ് ആഗ്രഹം, പക്ഷേ.. യുവരാജ് പറയുന്നു

ചൊവ്വ, 8 ഓഗസ്റ്റ് 2023 (19:36 IST)
ഏകദിന ലോകകപ്പിന് മുന്‍പ് ഇന്ത്യയുടെ മധ്യനിരയില്‍ സംശയം പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ യുവരാജ് സിംഗ്. ലോകകപ്പ് നേടണമെങ്കില്‍ ശക്തമായ ഒരു മധ്യനിര ആവശ്യമാണെന്നും പരിചയസമ്പന്നരായ താരങ്ങളുടെ സാന്നിധ്യം മധ്യനിരയില്‍ ആവശ്യമാണെന്നും യുവരാജ് സിംഗ് പറയുന്നു. ഞാനൊരു ദേശസ്‌നേഹിയാണ്. ഇന്ത്യ ലോകകപ്പ് നേടണം എന്ന് തന്നെയാണ് ആഗ്രഹം. എന്നാല്‍ ഇന്ത്യയുടെ മിഡില്‍ ഓര്‍ഡറിനെ പറ്റി ഏറെ ആശങ്കകളുണ്ട്. ആ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ലോകകപ്പില്‍ ഇന്ത്യ പ്രയാസപ്പെടും.
 
സമ്മര്‍ദ്ദമുള്ള മത്സരങ്ങളില്‍ ശക്തമായ മധ്യനിരയില്ലാത്തത് പ്രശ്‌നമാകും. ഓപ്പണര്‍മാരെ പോലെയല്ല മധ്യനിരയില്‍ ബാറ്റ് ചെയ്യുന്നത്. ആരെല്ലാം മധ്യനിരയില്‍ ബാറ്റ് ചെയ്യണമെന്നത് തന്നെ ഇപ്പോള്‍ ധാരണയായിട്ടില്ല. ലോകകപ്പിന് മുന്‍പെങ്കിലും അത് നേരെയാക്കേണ്ടതുണ്ട്. കാരണം ഓപ്പണര്‍മാര്‍ പരാജയപ്പെട്ടാല്‍ ഇന്നിങ്ങ്‌സ് കെട്ടിപടുക്കേണ്ട ഉത്തരവാദിത്വം മധ്യനിരയ്ക്കാണ്. അതിനാല്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ചുകൊണ്ട് മികച്ച കൂട്ടുകെട്ടുകള്‍ ഉണ്ടാക്കേണ്ടതുണ്ട്. ഇതെല്ലാം വലിയ ഉത്തരവാദിത്വമാണ്. പരിചയസമ്പന്നരായ താരങ്ങളുടെ സാന്നിധ്യം അതിനാല്‍ ആവശ്യമാണ്. യുവരാജ് പറയുന്നു.
 
നീണ്ട 18 വര്‍ഷക്കാലം നീണ്ട രാജ്യാന്തര കരിയറില്‍ ഏറെ ഉയര്‍ച്ച താഴ്ചകള്‍ നേരിട്ട താരമാണെങ്കിലും നിര്‍ണായകമായ ടൂര്‍ണമെന്റുകളിലെല്ലാം ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് യുവരാജ് നടത്തിയിട്ടുള്ളത്. 2007 ലോകകപ്പിലും 2011 ലോകകപ്പിലും ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടിള്ളത് യുവരാജ് സിംഗാണ്. യുവരാജ് സിംഗും സുരേഷ് റെയ്‌നയും പടിയിറങ്ങിയതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ അത്രയും മികച്ച പ്രകടനങ്ങള്‍ നടത്തുന്ന താരങ്ങള്‍ ഉണ്ടായിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍