എന്തുകൊണ്ടാണ് സൂര്യകുമാര്‍ യാദവ് ടി20 ക്രിക്കറ്റില്‍ ഇന്ന് കളിക്കുന്നവരില്‍ ഏറ്റവും മികച്ച താരം എന്നതില്‍ കൃത്യമായ ഉത്തരം നല്‍കിയ പ്രകടനമായിരുന്നു താരം ഇന്നലെ വെസ്റ്റിന്‍ഡീസിനെതിരെ പുറത്തെടുത്ത പ്രകടനം. 34 റണ്‍സിന് 2 വിക്കറ്റ് എന്ന നിലയില്‍ പ്രതിരോധത്തിലേക്ക് മാറിയേക്കാവുന്ന ഇന്ത്യന്‍ ഇന്നിങ്ങ്‌സിനെ ഒറ്റയ്ക്കാണ് സൂര്യ മുന്നോട്ട് കൊണ്ടുപോയത്. 44 പന്തില്‍ 83 റണ്‍സുമായി താരം പുറത്താകുമ്പോഴേക്ക് മത്സരത്തില്‍ ഇന്ത്യ പിടിമുറുക്കിയിരുന്നു. ടി20യില്‍ വിസ്മയങ്ങള്‍ തീര്‍ക്കുമ്പോഴും ഏകദിനത്തില്‍ ഇതുവരെയും തിളങ്ങാന്‍ താരത്തിനായിട്ടില്ല. മത്സരശേഷം ഇക്കാര്യങ്ങളെ പറ്റിയെല്ലാം പ്രതികരിച്ചിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്.
സത്യസന്ധമായി പറയുകയാണെങ്കില്‍ ഏകദിന ക്രിക്കറ്റില്‍ മോശം പ്രകടനമാണ് ഞാന്‍ നടത്തിയിട്ടുള്ളതെന്ന് എനിക്കറിയാം. അക്കാര്യം തുറന്ന് പറയുന്നതില്‍ എനിക്ക് യാതൊരു നാണക്കേടുമില്ല. പക്ഷേ എങ്ങനെ മെച്ചപ്പെടുത്താം എന്നതാണ് കൂടുതല്‍ പ്രധാനം. എനിക്ക് ഏകദിനത്തില്‍ മത്സരപരിചയമില്ലാത്തതാണ് പ്രശ്‌നമെന്ന് ദ്രാവിഡും രോഹിത്തും എന്നോട് പറഞ്ഞിരുന്നു. അതിനാല്‍ തന്നെ ഏകദിന ഫോര്‍മാറ്റിനെ പറ്റി ചിന്തിക്കാന്‍ അവര്‍ എന്നോട് പറഞ്ഞു.
അവസാന 10-15 ഓവറുകളിലാണ് കളിക്കുന്നതെങ്കിലും ഞാന്‍ 45-50 പന്തുകള്‍ കളിക്കണമെന്ന നിര്‍ദേശമാണ് ടീം എനിക്ക് നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ എന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശാനാകും. ഞാന്‍ ഏറെ കാലമായി ടി20 ക്രിക്കറ്റ് കളിക്കുന്നു. ആ ഫോര്‍മാറ്റിനെ പറ്റിയും ഗെയിമിനെ പറ്റിയും എനിക്ക് വ്യക്തമായ ധാരണയുണ്ട്. ഏകദിനം എന്നെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഇവിടെ മറ്റൊരു തരത്തിലാണ് ബാറ്റ് ചെയ്യേണ്ടി വരുന്നത്. വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമാകുന്നുവെങ്കില്‍ ടെസ്റ്റിലെ പോലെയും പിന്നീട് ഓരോ ബോളുകളിലും ഇന്നിങ്ങ്‌സിന്റെ വേഗത കൂട്ടി അവസാനം ടി20 ശൈലിയിലേക്കും മാറേണ്ടതുണ്ട്. അതിനാല്‍ തന്നെ ആ വെല്ലുവിളിയെ ഞാന്‍ മനസിലാക്കുന്നുണ്ട്. കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമങ്ങള്‍ തുടരുന്നു. സൂര്യകുമാര്‍ പറഞ്ഞു.