വെസ്റ്റിന്‍ഡീസിനെതിരായ അവസാന ടി20യിലും നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണിനെതിരെ രൂക്ഷവിമര്‍ശനം. ഏഷ്യാകപ്പും ലോകകപ്പും അടുത്തെത്തിയ സാഹചര്യത്തില്‍ കരിയറിലെ ഏറ്റവും നിര്‍ണായകമായ സീരീസാണ് താരതമ്യേന ദുര്‍ബലരായ വെസ്റ്റിന്‍ഡീസിനെതിരെ സഞ്ജു കളിച്ചത്. എന്നാല്‍ തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചിട്ടും ഒരു വലിയ ഇന്നിങ്ങ്‌സ് പോലും സീരീസില്‍ കളിക്കാന്‍ സഞ്ജുവിനായില്ല. അവസാന ടി20യില്‍ 9 പന്തില്‍ നിന്നും 13 റണ്‍സുമായാണ് സഞ്ജു പുറത്തായത്. നല്ല ആത്മവിശ്വാസത്തില്‍ മുന്നേറിയ ഇന്നിംഗ്‌സില്‍ അനാവശ്യമായ ഷോട്ടിന് ശ്രമിച്ചാണ് ഇത്തവണയും താരം വിക്കറ്റ് നഷ്ടപ്പെടുത്തിയത്.
ആദ്യ ടി20യിലും 12 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. രണ്ടാം മത്സരത്തില്‍ 7 റണ്‍സിന് പുറത്തായി. മൂന്നാം മത്സരത്തിലും നാലാം മത്സരത്തിലും സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. ഈ മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യ വിജയിച്ചത്. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ തിളങ്ങിയിരുന്നുവെങ്കില്‍ ഏഷ്യാകപ്പില്‍ പ്രതീക്ഷ സജീവമാക്കാന്‍ താരത്തിനാകുമായിരുന്നു. അയര്‍ലന്‍ഡിനെതിരെയുള്ള പരമ്പരയിലാണ് ഇനി സഞ്ജു സാംസണ്‍ കളിക്കുക. ദുര്‍ബലരായ അയര്‍ലന്‍ഡിനെതിരെയും സഞ്ജു പരാജയപ്പെടുകയാണെങ്കില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ സഞ്ജുവിനെ കാണുന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും.