ഇംഗ്ലണ്ടിനെതിരെ അണ്ടര്‍ 19 ഏകദിനപരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഏകദിന ഫോര്‍മാറ്റില്‍ ഇരട്ടസെഞ്ചുറി നേടുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് ഇന്ത്യയുടെ പുതിയ ബാറ്റിങ് സെന്‍സേഷനായ വൈഭവ് സൂര്യവന്‍ഷി. കഴിഞ്ഞ ഏകദിനത്തില്‍ 52 പന്തില്‍ അതിവേഗ സെഞ്ചുറി സ്വന്തമാക്കിയതിന് പിന്നാലെയാണ് താരം തന്റെ സ്വപ്നം എന്തെന്ന് വ്യക്തമാക്കിയത്. ബിസിസിഐ പങ്കുവെച്ച വീഡിയോയിലാണ് വൈഭവ് ഇങ്ങനെ പറഞ്ഞത്.
ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ ടെസ്റ്റിലെ പ്രകടനം തനിക്ക് നേരിട്ട് കാണാനായെന്നും ഗില്ലിനെ പോലെ നൂറും ഇരുനൂറും നേടി ടീമിനെ മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ആഗ്രഹമെന്നും വൈഭവ് പറഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ പുറത്തായതിന് ശേഷവും 20 ഓവര്‍ ബാക്കിയുണ്ടായിരുന്നു. അടുത്ത മത്സരത്തില്‍ 50 ഓവറും മുഴുവനായി ബാറ്റ് ചെയ്യാനാകും ശ്രമിക്കുക. 200 റണ്‍സ് അടിക്കാനായി ശ്രമിക്കും. വൈഭവ് വ്യക്തമാക്കി.