ബംഗ്ലാദേശിനെതിരായ ചെന്നൈ ടെസ്റ്റിലെ സെഞ്ചുറിയോടെ ചെന്നൈയില്‍ തുടര്‍ച്ചയായ ടെസ്റ്റുകളില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ബാറ്ററെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി രവിചന്ദ്ര അശ്വിന്‍. കരിയറിലെ ആറാമത്തെ ടെസ്റ്റ് സെഞ്ചുറിയാണ് അശ്വിന്‍ സ്വന്തമാക്കിയത്. ഇതോടെ എം എസ് ധോനിയുടെ ടെസ്റ്റ് സെഞ്ചുറികളുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ അശ്വിന് സാധിച്ചു.
90 ടെസ്റ്റ് മത്സരങ്ങളിലെ 144 ഇന്നിങ്ങ്‌സുകളില്‍ നിന്നായിരുന്നു ധോനി 6 സെഞ്ചുറികള്‍ സ്വന്തമാക്കിയത്. കരിയറില്‍ 38.1 ശരാശരിയില്‍ 4876 റണ്‍സാണ് ധോനി ആകെ നേടിയിട്ടുള്ളത്. അതേസമയം 101 ടെസ്റ്റുകളിലെ 142 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ അശ്വിന്റെ നേട്ടം. ടെസ്റ്റ് കരിയറില്‍ 27.07 റണ്‍സ് ശരാശരിയില്‍ 3411 റണ്‍സാണ് അശ്വിന്‍ നേടിയിട്ടുള്ളത്. എട്ടാം നമ്പറില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡ് നേട്ടവും അശ്വിന്‍ സ്വന്തമാക്കി. എട്ടാം നമ്പറില്‍ നാലാമത്തെ സെഞ്ചുറിയാണിത്. അഞ്ച് സെഞ്ചുറികളുള്ള ഡാനിയല്‍ വെറ്റോറിയാണ് അശ്വിന് മുന്നിലുള്ളത്.