30ൽ അധികം തവണ അഞ്ച് വിക്കറ്റ് നേട്ടം. 20ൽ കൂടുതൽ 50+ സ്കോറുകൾ, ടെസ്റ്റിലെ അപൂർവ നേട്ടം സ്വന്തമാക്കി അശ്വിൻ

അഭിറാം മനോഹർ

വെള്ളി, 20 സെപ്‌റ്റംബര്‍ 2024 (11:26 IST)
Ashwin
ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ 30ല്‍ അധികം അഞ്ച് വിക്കറ്റ് നേട്ടവും 20ല്‍ അധികം 50+ സ്‌കോറുകളും നേടുന്ന ആദ്യ ഓള്‍ റൗണ്ടറെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ രവിചന്ദ്ര അശ്വിന്‍. ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ അശ്വിന്‍ സെഞ്ചുറിയുമായി തിളങ്ങിയിരുന്നു. ഇതോടെയാണ് അപൂര്‍വനേട്ടത്തില്‍ അശ്വിന്‍ തന്റെ പേര് എഴുതിചേര്‍ത്തത്.
 
ടെസ്റ്റ് കരിയറില്‍ 36 തവണയാണ് അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 6 സെഞ്ചുറികളും 14 അര്‍ധസെഞ്ചുറികളുമാണ് അശ്വിന്റെ പേരിലുള്ളത്. ചെന്നൈ ചെപ്പോക്കില്‍ കളിച്ച 7 ടെസ്റ്റുകളില്‍ 2 സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം 55.16 ശരാശരിയില്‍ 331 റണ്‍സ് അശ്വിന്‍ നേടിയിട്ടുണ്ട്. നാല് തവണ അഞ്ച് വിക്കറ്റ് നേട്ടവും ഒരു തവണ പത്ത് വിക്കറ്റ് നേട്ടവും അശ്വിന്‍ ചെപ്പോക്കില്‍ നേടിയിട്ടുണ്ട്.
 
 ഇന്നലെ ബംഗ്ലാദേശിനെതിരെ സെഞ്ചുറി കുറിച്ചതോടെ ചെന്നൈ ചെപ്പോക്കില്‍ തുടര്‍ച്ചയായി 2 ടെസ്റ്റുകളില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ബാറ്ററെന്ന നേട്ടം അശ്വിന്‍ സ്വന്തമാക്കി. ചെന്നൈയില്‍ ഹാട്രിക് സെഞ്ചുറി നേടിയിട്ടുള്ള ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് അശ്വിന് മുന്നിലുള്ളത്. 2021ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അശ്വിന്‍ സെഞ്ചുറി നേടിയത്. 106 റണ്‍സായിരുന്നു അശ്വിന്‍ നേടിയത്. 1998 മുതല്‍ 2001 വരെയുള്ള കാലയളവിലാണ് സച്ചിന്‍ ചെന്നൈയില്‍ തുടര്‍ച്ചയായി 3 സെഞ്ചുറികള്‍ സ്വന്തമാക്കിയത്. 1998ല്‍ ഓസ്‌ട്രേലിയക്കെതിരെ 155, 1999ല്‍ പാകിസ്ഥാനെതിരെ 136, 2001ല്‍ ഓസ്‌ട്രേലിയക്കെതിരെ 126 എന്നിങ്ങനെയായിരുന്നു സച്ചിന്റെ സ്‌കോറുകള്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍