മലിംഗ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നു

Webdunia
ശനി, 27 ഫെബ്രുവരി 2016 (04:28 IST)
ശ്രീലങ്കന്‍ ബൗളിംഗ് കുന്തമുന ലസിത് മലിംഗ ട്വന്റി-ട്വന്റി വേള്‍ഡ് കപ്പിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചേക്കും. വിരമിക്കലിനെ കുറിച്ചുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് വിരമിക്കാന്‍ സാധ്യതയുണ്ടെന്ന് മലിംഗ മറുപടി പറഞ്ഞത്.
 
തനിക്ക് 32 വയസായെന്നും പരിക്ക് വലയ്ക്കുന്നുണ്ടെന്നും മലിംഗ പറഞ്ഞു. ദീര്‍ഘകാലം വിശ്രമം ആവശ്യമുള്ളതിനാല്‍ കരിയര്‍ അവസാനിപ്പിക്കുന്നതാകും നല്ലത് എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പരമാവധി ആത്മാര്‍ത്ഥതയോടെ തന്നെ താന്‍ ഏഷ്യാകപ്പും വേള്‍ഡ് കപ്പും കളിക്കുമെന്നും മലിംഗ കൂട്ടിച്ചേര്‍ത്തു. ഇന്നലെ ഏഷ്യാകപ്പിലെ ആദ്യ മത്സരത്തില്‍ മലിംഗയുടെ ചിറകിലേറിയാണ് ലങ്ക വിജയം കണ്ടത്. ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ബൗളര്‍മാരുടെ കൂട്ടത്തിലാണ് മലിംഗയുടെയും സ്ഥാനം. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയാണ് മലിംഗ കളിക്കുന്നത്.