ഏഷ്യാകപ്പിന് ഇന്ന് തുടക്കം: ആദ്യ മത്സരം ഇന്ത്യയും ബംഗ്ളാദേശും തമ്മില്‍; ധോണിയുടെ കാര്യം സംശയത്തില്‍

Webdunia
ബുധന്‍, 24 ഫെബ്രുവരി 2016 (05:36 IST)
ഏഷ്യ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിന് ഇന്ന് തുടക്കം. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ളാദേശ്, യു എ ഇ തുടങ്ങിയ ടീമുകളാണ് ഇക്കുറി ടൂര്‍ണമെന്റില്‍ ഉള്ളത്. ട്വന്‍റി20 ലോകകപ്പ് പടിവാതിക്കല്‍ നില്‍ക്കെ നല്ല ഒരു തുടക്കത്തിനായിരിക്കും ടീമുകളുടെ ശ്രമം. ലോകകപ്പ് മുന്നില്‍ക്കണ്ടാണ് ഇത്തവണ ഈ ഫോര്‍മാറ്റില്‍ ഏഷ്യ കപ്പ് നടക്കുന്നത്. ആദ്യമത്സരം ഇന്ത്യയും ബംഗ്ളാദേശും തമ്മിലാണ്. ഇന്ത്യന്‍ സമയം വൈകീട്ട് 6.50 മുതലാണ് മത്സരം.
 
മഹേന്ദ്രസിങ് ധോണിയുടെ കാര്യം സംശയമാണെന്നത് ഇന്ത്യന്‍ ക്യാമ്പിനെ സംബന്ധിച്ചിടത്തോളം ആശങ്ക ഉളവാക്കുന്ന കാര്യമാണ്. മുതുകില്‍ പേശീവലിവുണ്ടായ ധോണിക്ക് കളിക്കാനാകാത്ത സാഹചര്യമുണ്ടായാല്‍ പകരക്കാരനാകാന്‍ പാര്‍ഥിവ് പട്ടേലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ടീമിനൊപ്പം ഗ്രൗണ്ടിലത്തെിയെങ്കിലും ധോണി പരിശീലനത്തില്‍നിന്ന് പൂര്‍ണമായും വിട്ടുനിന്നു. ക്യാപ്റ്റന്‍ കളിക്കുമോ എന്നകാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
 
തങ്ങളുടെ നാട്ടില്‍ എതു വമ്പനേയും തോല്‍പ്പിക്കാന്‍ കരുത്തുളളവരാണ് ബംഗ്ലാദേശ് ടീം. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കും പാക്കിസ്താനും ദക്ഷിണാഫിക്കയ്ക്കുമെതിരായ പരമ്പരകള്‍ നേടിയ ആത്മവിശ്വാസത്തിലാണ് ബംഗ്ലാ കടുവകള്‍ ഇറങ്ങുന്നത്. ശ്രീലങ്കയ്ക്കും ഓസ്‌ട്രേലിയയ്ക്കും എതിരെയുളള ട്വന്റി-20 പരമ്പര നേട്ടങ്ങളുമായെത്തുന്ന ഇന്ത്യക്ക് തന്നെയാണ് കപ്പ് നേടാനുളള സാധ്യത കല്‍പ്പിക്കുന്നത്. വിരാട് കോലി മടങ്ങിയെത്തുന്നത് ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് ശക്തി പകരും.