ലങ്കയ്ക്ക് ചരിത്ര വിജയം

Webdunia
ചൊവ്വ, 14 ജൂലൈ 2009 (17:51 IST)
സ്വന്തം മണ്ണില്‍ പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റ് പരമ്പര നേടി ശ്രീലങ്ക ചരിത്രം കുറിച്ചു. ആദ്യടെസ്റ്റില്‍ അട്ടിമറി ജയം നേടിയ ശ്രീലങ്ക രണ്ടാം ടെസ്റ്റിലും പാക് പടയെ ചുരുട്ടിക്കെട്ടി. കുലശേഖരയുടേയും ഹെറാത്തിന്‍റേയും മികച്ച ബൌളിംഗാണ് പാകിസ്ഥാനുമേല്‍ ലങ്കയ്ക്ക് അവിസ്മരണീയ ജയം സമ്മാനിച്ചത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍റെ ആദ്യ ഇന്നിംഗ്സ് 90 റണ്‍സില്‍ അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ കുലശേഖരയും അജന്ത മെന്‍ഡിസുമാണ് പാകിസ്ഥാന്‍റെ അന്തകരായത്. ഷുഹൈബ് മാലിക്(39) മാത്രമാണ് അല്പമെങ്കിലും മാന്യമായി ബാറ്റ് വീശിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്ക സംഗക്കരയുടെ(87) കരുത്തില്‍ 240 റണ്‍സ് അടിച്ചെടുത്തു. ലങ്കന്‍ നിരയില്‍ സംഗക്കരയ്ക്കല്ലാതെ മറ്റാര്‍ക്കും തന്നെ രണ്ടാം ഇന്നിംഗ്സില്‍ തിളങ്ങാനായില്ല. നാല് വിക്കറ്റ് വീതം വീഴ്ത്തിയ ഉമര്‍ ഗുലും സയീദ് അജ്മലുമാണ് ആദ്യ ഇന്നിംഗ്സില്‍ മികച്ച പ്രകടനം കാഴ്ച വച്ച പാക് ബൌളര്‍മാര്‍. രണ്ടാം ഇന്നിംഗ്സില്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പാക് ബാറ്റ്സ്മാന്‍‌മാര്‍ കുറേക്കൂടി കരുതിയാണ് ബാറ്റ് വീശിയത്. കന്നിക്കാരനായ ഫവാദ് ആലം തകര്‍പ്പന്‍ സെഞ്ച്വറി(168) പാകിസ്ഥാനെ രണ്ടാം ഇന്നിംഗ്സില്‍ കരകയറ്റുമെന്ന് കരുതി. യൂനിസ് ഖാനും(82) മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍ ആദ്യ മൂന്നുപേരൊഴികെ പാക് നിരയില്‍ ആരും രണ്ടക്കം കടന്നില്ല. 320 റണ്‍സിന് പാകിസ്ഥാന്‍ കൊളംബോയില്‍ തകര്‍ന്നടിഞ്ഞു.

അഞ്ച് വിക്കറ്റ് നേടിയ ഹെറാത്തും നാലു വിക്കറ്റുമായി കുലശേഖരയും പാകിസ്ഥാനെ വരിഞ്ഞുമുറുക്കിയപ്പോള്‍ ആതിഥേയരുടെ വിജയ ലക്‍ഷ്യം 171 റണ്‍സായി ചുരുങ്ങി. അനായാസ വിജയം ലക്‍ഷ്യമിട്ടിറങ്ങിയ ആതിഥേയര്‍ 31.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്‍ഷ്യം കണ്ടു. വര്‍ണപുര 54ഉം സംഗക്കര 46ഉം റണ്‍സെടുത്തു.

മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം പാകിസ്ഥാന്‍റെ ഫവാദ് ആലവും ലങ്കയുടെ നുവാന്‍ കുലശേഖരയും പങ്കിട്ടു. ഇന്നത്തെ ജയത്തോട് മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ശ്രീലങ്ക 2 - 0ത്തിന് മുന്നിലെത്തി. 20ന് കൊളംബോയിലാണ് മൂന്നാം ടെസ്റ്റ്.