ഇന്ത്യയുടെ മിയാന്‍‌ദാദായി ഭാജി

Webdunia
ഞായര്‍, 20 ജൂണ്‍ 2010 (10:46 IST)
PRO
25 വര്‍ഷം മുന്‍പ് ഷാര്‍ജാ കപ്പ് ഫൈനലില്‍ പാകിസ്ഥാന് വേണ്ടി ജാവേദ് മിയാന്‍‌ദാദ് ചെയ്തത് ഇന്നലെ ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ഭജന്‍ സിംഗ് ആവര്‍ത്തിച്ചു. അവസാന ഓവര്‍ വരെ ആവേശം‌മുറ്റി നിന്ന മത്സരത്തില്‍ പാകിസ്ഥാനെ മൂന്നു വിക്കറ്റിന് മറികടന്ന് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനല്‍ ബര്‍ത്തുറപ്പിച്ചു. ഇന്ത്യാ-പാക് മത്സരത്തിന്‍റെ എല്ലാ ആവേശവും അണപൊട്ടിയൊഴുകിയ മത്സരത്തിനായിരുന്നു ധാംബുള്ള സ്റ്റേഡിയം സാക്‍ഷ്യം വഹിച്ചത്. ചില സമയങ്ങളില്‍ ആവേശം അതിരുവിട്ടപ്പോള്‍ അമ്പയര്‍മാര്‍ക്ക് മധ്യസ്ഥന്‍റെറോള്‍ കൂടി വഹിക്കേണ്ടി വന്നു. സ്കോര്‍: പാക്കിസ്ഥാന്‍ 49.3 ഒാ‍വറില്‍ 267നു പുറത്ത്‌ഇന്ത്യ 49.5 ഒാ‍വറില്‍ ഏഴിന്‌ 271

മുഹമ്മദ് അമീര്‍ എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴു റണ്‍സായിരുന്നു. ആദ്യ സിംഗിളെടുത്ത റെയ്ന സ്ട്രൈക്ക് ഹര്‍ഭജന് കൈമറി. രണ്ടാം പന്തില്‍ ഇല്ലാത്ത റണ്ണിന് ഓടി റെയ്ന വിക്കറ്റ് ബലികഴിച്ചപ്പോള്‍ ഇന്ത്യ പടിയ്ക്കല്‍ കലമുടച്ചെന്ന് തോന്നിച്ചു. എന്നാല്‍ അടുത്ത പന്തില്‍ രണ്ട് റണ്‍സ് നേടിയ പ്രവീണ്‍ കുമാര്‍ തൊട്ടടുത്ത പന്തില്‍ സിംഗിളെടുത്ത് സ്ട്രൈക്ക് ഹര്‍ഭജന് കൈമാറി. അപ്പോള്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് രണ്ട് പന്തില്‍ മൂന്നു റണ്‍സ്. മുഹമ്മദ് അമീര്‍ എറിഞ്ഞ അഞ്ചാം പന്ത് മിഡ്‌ വിക്കറ്റിനു മുകളിലൂടെ ഗ്യാലറിയിലെത്തിച്ച് ഹര്‍ഭജന്‍ ഇന്ത്യയ്ക്ക് കാത്തിരുന്ന ജയം സമ്മാനിച്ചു.

തൊട്ടുമുന്‍പത്തെ ഓ‍വറില്‍ ഷൊയൈബ് അക്തറിനെ സിക്സറിടിച്ച ഹര്‍ഭജന്‍ അക്തറുമായി ചെറുതായൊന്ന് ഉരസുകയും ചെയ്തു. ഇന്ത്യയ്ക്കുവേണ്ടി ഗൗതം ഗംഭീര്‍ (83), ധോണി (56), ഹര്‍ഭജന്‍ (15 നോട്ടൗട്ട്‌) എന്നിവരും വിജയത്തില്‍ നീര്‍ണായക പങ്കുവഹിച്ചു. ഗംഭീര്‍ ആണ് കളിയിലെ കേമന്‍. നേരത്തെ, ടോസ്‌ നേടി ബാറ്റിങ്‌ തിരഞ്ഞെടുത്ത പാക്കിസ്ഥാനു മോശമല്ലാത്ത തുടക്കം പ്രയോജനപ്പെടുത്താനായില്ല. 49.3 ഒാ‍വറില്‍ അവര്‍ 267നു പുറത്തായി.

ആദ്യ വിക്കറ്റിനു സല്‍മാന്‍ ബട്ടും (74) ഇമ്രാന്‍ ഫര്‍ഹതും (25) ചേര്‍ന്ന്‌ 71 റണ്‍സെടുത്തിരുന്നു. ഫര്‍ഹത്തിനെ ഹര്‍ഭജന്‍ പുറത്താക്കിയതിനുശേഷം ശുഐബ്‌ മാലിക്‌ (39) ബട്ടിനൊപ്പം 75 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നു മൂന്നു വിക്കറ്റുകള്‍ പെട്ടെന്നു നഷ്ടപ്പെട്ടതു സ്കോറിങ്ങിനു ബ്രേക്കിട്ടു. തുടര്‍ന്നു ശഹീദ്‌ അഫ്രീദിയും (32) കമ്രാന്‍ അക്മലും അതിവേഗം റണ്‍സ്‌ അടിച്ചെടുത്തതോടെയാണു പാക്കിസ്ഥാനു ഭേദപ്പെട്ട സ്കോര്‍ നേടാനായത്‌. ഇന്ത്യയ്ക്കുവേണ്ടി പ്രവീണ്‍ കുമാര്‍ മൂന്നും സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ്‌ എന്നിവര്‍ രണ്ടുവീതവും വിക്കറ്റുകള്‍ നേടി.