ഇനി ഐ പി എല്ലിലേക്കില്ലെന്ന് അഫ്രീദി

Webdunia
വ്യാഴം, 28 ജനുവരി 2010 (16:23 IST)
പാക് താരങ്ങളോട് ഐ പി എല്‍ കാണിച്ച നീതികേടിനോട് ക്ഷമിക്കാന്‍ തയ്യാറല്ലെന്ന് പാകിസ്ഥാന്‍ ട്വന്‍റി-20 നായകന്‍ ഷഹീദ് അഫ്രീദി. ഇനി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനില്ലെന്നും പാക് താരങ്ങളോട് മാപ്പു പറഞ്ഞതു കൊണ്ടൊന്നും തങ്ങള്‍ക്കുണ്ടായ മാനക്കേട് മാറില്ലെന്നും അഫ്രീദി പറഞ്ഞു. ഐ പി എല്ലിലുണ്ടാ‍ായ മാനക്കേട് പൊറുക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച അഫ്രീദി അപ്രതീക്ഷിതമായാണ് നിലപാട് മാറ്റിയത്.

ഐ പി എല്ലില്‍ കളിക്കാന്‍ ഇനി തയ്യാറല്ല. ലേലത്തിനു മുന്‍പ് തന്നെ പാക് താരങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ ഐ പി എല്‍ തയ്യാറാവണമായിരുന്നു. ഇത് എന്‍റെ മാത്രം നിലപാടല്ല. എല്ലാ പാക് താരങ്ങളും അപമാനിക്കപ്പെട്ടു. പാക് താരങ്ങളെ ഒഴിവാക്കിയതിന് പിന്നില്‍ ഐ പി എല്‍ ഫ്രാഞ്ചൈസികളുടെ കൂട്ടായ പരിശ്രമം നടന്നിട്ടുണ്ട്-അഫ്രീദി പറഞ്ഞു.

ഐ പി എല്ലില്‍ നിന്ന് പാക് താരങ്ങളെ ഒഴിവാക്കിയെങ്കിലും ക്ഷണിച്ചാല്‍ ഇനിയും ഇന്ത്യയിലേക്ക് വരുമെന്ന് അഫ്രീദി നേരത്തെ വ്യക്തമാക്കിയിരുന്നു. പാക് താരങ്ങള്‍ക്ക് ഇനിയും ഐ പി എല്‍ കളിക്കാന്‍ അവസരമുണ്ടെന്ന് ലളിത് മോഡിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് ഇരു രാജ്യങ്ങള്‍ക്കും തമ്മില്‍ മഞ്ഞുരുകുന്നതിന്‍റെ സൂചനയാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുകയും ചെയ്തിരുന്നു. ഇരു രാ‍ജ്യങ്ങള്‍ക്കുമിടിയിലുളള ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടാതെ കായിക രംഗത്ത് സഹകരിക്കുന്നതിന് പരിമിതിയുണ്ടെന്നും അഫ്രീദി പറഞ്ഞു.