ഹിറ്റ് മാൻ ഡാ... ആർക്കും തകർക്കാനാകാത്ത രോഹിതിന്റെ 5 റെക്കോർഡുകൾ!

അനു മുരളി
തിങ്കള്‍, 30 മാര്‍ച്ച് 2020 (13:22 IST)
ലോകക്രിക്കറ്റിൽ എതിരാളികൾ ഭയപ്പാടോടെ നോക്കി കാണുന്ന ബാറ്റ്സ്മാൻ ആണ് രോഹിത് ശർമ. ഇന്ത്യയുടെ ഉപനായകൻ. പക്വതയോടെയും ആക്രമണോത്സുക്തയോടെയും കളിക്കാനറിയുന്ന താരം ഇതിനോടകം നിരവധി റെക്കോർഡുകൾ സ്വന്തം പേരിൽ ആക്കികഴിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ആർക്കും എളുപ്പത്തിൽ തകർക്കാനാവാത്ത രോഹിത് ശർമയുടെ 5 റെക്കോർഡുകൾ ഏതൊക്കെയെന്ന് നോക്കാം.
 
ഏകദിനത്തിൽ ഒരു ഡബിൾ സെഞ്ച്വറി എന്നത് തന്നെ പലർക്കും എത്താക്കൊമ്പ് ആണ്. ഒരു ഡബിൾ സെഞ്ച്വറി അടിച്ചവർ തന്നെ ചുരുക്കമാണ്. അപ്പോഴാണ് മൂന്ന് ഡബിൾ സെഞ്ച്വറിയുമായി രോഹിതിന്റെ തേർവാഴ്ച. 2017 ഡിസംബറിലാണ് ഏകദിനത്തിൽ മൂന്ന് ഡബിൾ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോർഡ് രോഹിത് സ്വന്തം പേരിൽ എഴുതിച്ചേർത്തത്. സച്ചിനും സെവാഗിനും ശേഷം ഡബിൾ സെഞ്ച്വറി നേടുന്ന താരം രോഹിത് ആണ്. സച്ചിനും സെവാഗും ഓരോ ഡബിൾ സെഞ്ച്വറിയിൽ നിർത്തി. പക്ഷേ, രോഹിത് ഇതിനോടകം മൂന്ന് ഡബിൾ സെഞ്ച്വറികൾ തന്റെ പേരിൽ ആക്കി കഴിഞ്ഞു.  2013ൽ ഓസ്ട്രേലിയക്കെതിരെ 209, 2014ൽ ശ്രീലങ്കക്കെതിരെ 264, 2017ൽ ശ്രീലങ്കക്കെതിരെ പുറത്താവാതെ 208 എന്നിങ്ങനെയാണ് രോഹിതിന്റെ ഡബിൾ സെഞ്ച്വറികൾ. ഈ റെക്കോർഡാരെങ്കിലും തിരുത്തുന്നുണ്ട് എങ്കിൽ അത് ഹിറ്റ്മാൻ തന്നെയാകും.
 
2013നാണ് രോഹിത് തന്റെ ഏകദിന കരിയറിലെ ആദ്യ ഡബിൾ സെഞ്ച്വറി പായിച്ചത്. 209 ആയിരുന്നു ആകെ സ്കോർ. അടുത്ത വർഷം 264 എന്ന വമ്പൻ സ്കോറിലായിരുന്നു രോഹിത് ബാറ്റിംഗ് അവസാനിപ്പിച്ചത്. 33 ഫോറും 9 സിക്സും അടക്കം 264 റൺസാണ് അദ്ദേഹം നേടിയത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ഈ വ്യക്തിഗത സ്കോർ തകർക്കാൻ എളുപ്പത്തിൽ ആർക്കും സാധിക്കുമെന്ന് തോന്നുന്നില്ല. 219 എന്ന സെവാഗിന്റെ റെക്കോർഡ് നിഷ്പ്രയാസമായിരുന്നു രോഹിത് മറികടന്നത്. ശേഷം ക്രിസ് ഗെയിലും മാർട്ടിൻ ഗുപ്റ്റിലും ഒക്കെ ഡബിൾ സെഞ്ച്വറി കണ്ടെങ്കിലും രോഹിതിന്റെ ഉയർന്ന വ്യക്തിഗത സ്കോർ ആയ 264 തൊടാൻ ആർക്കും സാധിച്ചില്ല. 2015ൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ ന്യൂസിലൻഡ് താരം മാർട്ടിൻ ഗുപ്റ്റിൽ രോഹിതിന്റെ റെക്കോർഡ് മറികടക്കുമെന്ന് കരുതിയെങ്കിലും 237ൽ ഗുപ്റ്റിലിന്റെ ഓട്ടം അവസാനിച്ചു. 
 
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ കിരീട വിജയങ്ങളിൽ പങ്കാളിയായിട്ടുള്ള താരം രോഹിത് ശർമയാണ്. 5 തവണ താനുൾപ്പെട്ട ടീം കപ്പ് ഉയർത്തുന്നത് കാണാൻ കഴിഞ്ഞ ഏകതാരം രോഹിത് ആണ്. നാല് തവണ മുംബൈ ഇന്ത്യൻസിനെ കിരിടവിജയത്തിലേക്ക് നയിക്കാൻ രോഹിത് എന്ന നായകനു സാധിച്ചിട്ടുണ്ട്. 2009ൽ ഡെക്കാൺ ചാർജേഴ്സ് കിരീടം നേടുമ്പോൾ രോഹിത് ടീമിലുണ്ടായിരുന്നു. രോഹിതിനു പിന്നാലെ യൂസഫ് പഠാൻ, ഹർഭജൻ സിങ്, അമ്പാട്ടി റായിഡു എന്നിവർ ഐപിഎല്ലിൽ നാല് കിരീടവിജയങ്ങളുടെ ഭാഗമായിട്ടുണ്ട്.
 
2019 ലോകകപ്പ് ഓർമ്മിക്കപ്പെടുക ഒരുപക്ഷേ രോഹിത് ശർമയുടെ കൂടെ പേരിലായിരിക്കും. അഞ്ച് സെഞ്ച്വറികളാണ് ലോകകപ്പിൽ രോഹിത് നേടിയത്. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന ബാറ്റ്സ്മാൻ എന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. 9 മത്സരങ്ങളിൽ നിന്ന് 648 റൺസുമായി ലോകകപ്പിലെ ടോപ് സ്കോറർ എന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. പക്ഷേ, നിരാശയായിരുന്നു ഫലമെന്ന് മാത്രം.
 
അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയിട്ടുള്ള താരവും രോഹിത് തന്നെയാണ്. 2007ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു രോഹിതിന്റെ അരങ്ങേറ്റം. ഇത് വരെ ടി20യിൽ നാല് സെഞ്ച്വറികളാണ് നേടിയിട്ടുള്ളത്. കോളിൻ മൺറോ, ഗ്ലെൻ മാക്സ്വെൽ എന്നിവർ മൂന്ന് ടി20 സെഞ്ച്വറികൾ നേടിയിട്ടുണ്ട്. ഈ ഫോമിൽ രോഹിതിനു ഇനിയും സെഞ്ച്വറി നേടാൻ കഴിയും.

അനുബന്ധ വാര്‍ത്തകള്‍

Next Article