നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ മരണം വലിയ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ഇന്ന് രാവിലെ ചെന്നൈയിലുള്ള ഫ്‌ളാറ്റില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതാപ് പോത്തന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ ഇരിക്കുമ്പോഴാണ് അദ്ദേഹം മരണത്തിനു തൊട്ടുമുന്‍പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വാചകങ്ങള്‍ ചര്‍ച്ചയായിരിക്കുന്നത്. മരണത്തെ കുറിച്ചും നിലനില്‍പ്പിനെ കുറിച്ചുമെല്ലാം ഈ ഫെയ്‌സ്ബുക്ക് പോസ്റ്റിലുണ്ട്. ഇന്നലെ രാവിലെ 9.30 മുതല്‍ തുടര്‍ച്ചയായി ആറ് പോസ്റ്റുകളാണ് പ്രതാപ് പോത്തന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. അമേരിക്കന്‍ ഗായകന്‍ ജിം മോറിസണ്‍, അമേരിക്കന്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ ജോര്‍ജ് കാര്‍ലിന്‍ എന്നിവരുടെ അടക്കം വാചകങ്ങള്‍ പ്രതാപ് പോത്തന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
' കലയില്‍ പ്രത്യേകിച്ച് സിനിമയില്‍ എല്ലാവരും പരിശ്രമിക്കുന്നത് നിലനില്‍പ്പിന് വേണ്ടിയാണ്' ജിം മോറിസണ്‍
'ഗുണനം എന്നത് ഒരു കളിയാണ്, എല്ലാ തലമുറകളും അത് കളിക്കുന്നു'
'ബില്ലുകള്‍ അടയ്ക്കുന്ന പ്രക്രിയയാണ് ജീവിതം'
'ചെറിയ അളവില്‍ ഉമിനീര് ഏറെക്കാലം കൊണ്ട് വിഴുങ്ങുന്നതാണ് മരണം' ജോര്‍ജ് കാര്‍ലിന്‍
' ഒരു പ്രശ്‌നത്തിന്റെ അടിവേരിന് മരുന്ന് ചികിത്സ കൊടുക്കാതെ അതിന്റെ ലക്ഷണങ്ങള്‍ക്ക് മാത്രം ചികിത്സ ചെയ്തുകൊണ്ടിരുന്നാല്‍ നിങ്ങള്‍ക്ക് എപ്പോഴും മരുന്നുകടയെ ആശ്രയിക്കേണ്ടിവരും'
'ചില ആളുകള്‍ കൂടുതല്‍ പരിഗണന നല്‍കുന്നു. എനിക്ക് തോന്നുന്നു അതാണ് സ്‌നേഹം' എ.എ.മില്‍നെ