ചെല്ലപ്പനാശാരിക്ക് പിന്നാലെ തകരയും യാത്രയായി !

വെള്ളി, 15 ജൂലൈ 2022 (10:31 IST)
മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ ആദ്യ സ്ഥാനത്തുണ്ടാകും 1979 ല്‍ പുറത്തിറങ്ങിയ ഭരതന്‍ ചിത്രം തകര. പത്മരാജനാണ് ചിത്രത്തിന്റെ തിരക്കഥ. പ്രതാപ് പോത്തന്‍, നെടുമുടി വേണു, സുരേഖ എന്നിവരാണ് തകരയില്‍ തകര്‍ത്തഭിനയിച്ചത്. 
 
തകരയിലെ പ്രതാപ് പോത്തന്റെ തകര എന്ന കഥാപാത്രവും നെടുമുടി വേണുവിന്റെ ചെല്ലപ്പനാശാരി എന്ന കഥാപാത്രവും ഇരുവരുടേയും കരിയറില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇതാ ചെല്ലപ്പനാശാരിക്ക് പിന്നാലെ തകരയും ജീവിതത്തോട് ഗുഡ് ബൈ പറഞ്ഞിരിക്കുന്നു. 
 
ചെല്ലപ്പനാശാരിയായി അഭിനയിച്ച നെടുമുടി വേണു മരിച്ച് ഒരു വര്‍ഷം ആകും മുന്‍പാണ് തകരയായി ജീവിച്ച പ്രതാപ് പോത്തനും വിടവാങ്ങിയിരിക്കുന്നത്. 2021 ഒക്ടോബര്‍ 11 നാണ് നെടുമുടി വേണുവിന്റെ മരണം. 2022 ജൂലൈ 15 ന് പ്രതാപ് പോത്തനും ജീവിതത്തോട് വിടവാങ്ങി. 
 
നെടുമുടി വേണു മരിച്ച ദിവസം പ്രതാപ് പോത്തന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വരികള്‍ ഏറെ ഹൃദയസ്പര്‍ശിയായിരുന്നു. ' നിങ്ങളുടെ ഹൃദയത്തില്‍ എന്നെന്നേക്കുമായി ജീവിക്കുന്ന ഒരു സുഹൃത്തിനോട് നിങ്ങള്‍ ഒരിക്കലും വിട പറയുന്നില്ല...എന്റെ ചെല്ലപ്പന്‍ ആശാരി, ഞാന്‍ നിങ്ങളെ എങ്ങനെ മറക്കും...ഭരതനും നിങ്ങളും ഒരിക്കലും മരിക്കില്ല...നിങ്ങളെ അവരുടേതാക്കിയ ആളുകളുടെ ഹൃദയത്തില്‍ നിങ്ങള്‍ എന്നേക്കും ജീവിക്കും,' എന്നിങ്ങനെയായിരുന്നു ആ വരികള്‍. 
 
ഭരതനും നെടുമുടി വേണുവും ഒരിക്കലും മരിക്കില്ലെന്ന് പറഞ്ഞ പ്രതാപ് പോത്തനും ഒടുവില്‍ യാത്രയായി. അപ്പോഴും മലയാള സിനിമാ പ്രേമികളുടെ ഓര്‍മകളില്‍ എന്നും ജീവിച്ചുകൊണ്ടിരിക്കും ഈ തകരയും തകരയ്ക്ക് ജീവന്‍ നല്‍കിയ പ്രതാപ് പോത്തനും. അതെ നിങ്ങള്‍ ഒരിക്കലും വിട പറയുന്നില്ല...! 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍