പ്രൊപ്പഗണ്ട സിനിമകളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു, നമ്മൾ കടന്നുപോകുന്നത് നാസി ജർമനിയുടെ വഴിയിൽ : നസറുദ്ദീൻ ഷാ

Webdunia
വ്യാഴം, 1 ജൂണ്‍ 2023 (20:15 IST)
റിലീസ് പ്രഖ്യാപിച്ച ദിവസം മുതല്‍ വിവാദങ്ങളില്‍ നിറഞ്ഞുനിന്ന സിനിമയാണ് സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ദി കേരള സ്‌റ്റോറി. റിലീസ് ചെയ്ത അന്ന് മുതല്‍ വിവിധ തിയേറ്ററുകള്‍ ചിത്രം ബഹിഷ്‌കരിച്ചിരുന്നെങ്കിലും ഇന്ത്യയില്‍ നിന്ന് 200 കോടിയിലേറെ രൂപ കളക്ട് ചെയ്യാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ ഒടിടി റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തെ പറ്റി ബോളിവുഡ് താരം നസറുദ്ദീന്‍ ഷാ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
കേരള സ്‌റ്റോറി എന്ന സിനിമ ഇതുവരെയും കണ്ടിട്ടില്ല. ഇനി കാണാനും ഉദ്ദേശിക്കുന്നില്ല. ഇതിനകം തന്നെ സിനിമയെ പറ്റി ധാരാളം വായിച്ചുകഴിഞ്ഞു. വളരെ അപകടകരമായ ട്രെന്‍ഡാണ് ഇതെന്നാണ് ചിത്രം നേടിയ സ്വീകാര്യതയെ പറ്റി നസറുദ്ദീന്‍ ഷാ പറയുന്നത്. നാസി ജര്‍മനിയുടെ വഴിയെയാണ് നമ്മള്‍ സഞ്ചരിക്കുന്നത്. ഹിറ്റ്‌ലറിന്റെ ഭരണകാലത്ത് അദ്ദേഹം ചെയ്ത കാര്യങ്ങളെ പുകഴ്ത്തി നിരവധി സിനിമകള്‍ വന്നിരുന്നു. ഇതേ തുടര്‍ന്ന് ജര്‍മനിയില്‍ നിന്നും അനേകം സിനിമക്കാര്‍ ഹോളിവുഡില്‍ പോകുകയും അവിടെ സിനിമ ഉണ്ടാക്കുകയും ചെയ്തു. ഇവിടെയും അത് തന്നെയാണ് സംഭവിക്കുന്നത് എന്നാണ് തോന്നുന്നത്. നസറുദ്ദീന്‍ ഷാ പറഞ്ഞു.
 
എന്നാല്‍ ഈ വിദ്വേഷത്തിന്റെ അന്തരീക്ഷം അധികകാലം നീണ്ട് നില്‍ക്കുമെന്ന് കരുതുന്നില്ലെന്നും ഈ വെറുപ്പ് നമ്മളെ ഗ്രസിച്ച പോലെ തന്നെ അപ്രത്യക്ഷമാകുമെന്ന് കരുതുന്നതായും എന്നാല്‍ അത് ഉടന്‍ തന്നെ ഉണ്ടാകില്ലെന്നും നസറുദ്ദീന്‍ ഷാ അഭിപ്രായപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article