1000 കോടി കടന്ന് മലയാള സിനിമ, നേട്ടം 5 മാസം കൊണ്ട്, മുന്നില്‍ നിന്ന് നയിച്ചത് മൂന്ന് സിനിമകള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 21 മെയ് 2024 (16:50 IST)
മലയാള സിനിമ ലോകത്തിന് അഭിമാന നേട്ടം. 2024 പിറന്ന് 5 മാസങ്ങള്‍ക്ക് അകം ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷനില്‍ 1000 കോടി കടന്ന് മോളിവുഡ്. മറ്റ് പ്രമുഖ ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രികള്‍ സമാന നേട്ടത്തില്‍ എത്താന്‍ പാടുപെടുന്ന കാഴ്ചയും ഈ കാലയളവില്‍ കണ്ടു. മലയാള സിനിമയെ മാറ്റിയത് പ്രേക്ഷകര്‍ ആണെന്ന് മമ്മൂട്ടി ഒരു അഭിമുഖത്തിനിടെ പറഞ്ഞതും ഇതിനോട് ചേര്‍ത്തു വായിക്കാം. പ്രേക്ഷകര്‍ മാറുന്നതിനനുസരിച്ച് ഉയര്‍ന്ന നിലവാരത്തിലുള്ള കണ്ടന്റ്റുകള്‍ നല്‍കുന്നതില്‍ മലയാള സിനിമ വിജയിക്കുന്നു. സ്ഥിരം ചേരുവകള്‍ ചേര്‍ത്ത് ഒരുക്കുന്ന സിനിമകള്‍ മറുവശത്ത് ആളുകള്‍ കാണാനില്ലാതെ പരാജയപ്പെടുന്ന കാഴ്ചയും അഞ്ചുമാസത്തിനിടെ കണ്ടതാണ്.
 
ആയിരം കോടി നേട്ടത്തില്‍ എത്താന്‍ 3 ചിത്രങ്ങളാണ് വലിയ സംഭാവനകള്‍ നല്‍കിയത്.ഇത് മൊത്തം വരുമാനത്തിന്റെ 55 ശതമാനത്തോളം കളക്ഷന്‍ വരും. മഞ്ഞുമ്മല്‍ ബോയ്‌സ് ആണ് വലിയ സംഭാവന നല്‍കിയത്. 240.90 കോടി രൂപ സിനിമ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയിരുന്നു.തൊട്ടുപിന്നില്‍ പൃഥ്വിരാജിന്റെ ആടുജീവിതം. 157.44 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. മൂന്നാം സ്ഥാനത്ത് ആവേശം.153.52 കോടി നേടിയ ചിത്രം വേഗത്തില്‍ തന്നെ ഒ.ടി.ടി റിലീസ് ചെയ്തു.551 കോടിയിലധികം കളക്ഷന്‍ ആണ് 3 സിനിമകള്‍ ചേര്‍ന്ന് സ്വന്തമാക്കിയത്.
 
 2024 ഏപ്രില്‍ അവസാനത്തോടെ മലയാള സിനിമകളുടെ ആകെ കളക്ഷന്‍ 985 കോടി കടന്നിരുന്നു.
 
പൃഥ്വിരാജ് നായകനായ 'ഗുരുവായൂര്‍ ആമ്പലനടയില്‍' 50 കോടി കളക്ഷന്‍ പിന്നിട്ടിരുന്നു. ഇതോടെ മലയാളം സിനിമ ആയിരം കോടി കളക്ഷന്‍ പിന്നിട്ടു. മമ്മൂട്ടിയുടെ ടര്‍ബോ,'എല്‍ 2: എംപുരാന്‍', 'ബറോസ്', 'അജയ്‌ന്റെ രണ്ടാം മോഷണം, കത്തനാര്‍ തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂ.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article