HBD Mohanlal: മോഹന്‍ലാലിനെ സൂപ്പര്‍ സ്റ്റാറാക്കിയത്, മമ്മൂട്ടിയോടുള്ള തമ്പി കണ്ണന്താനത്തിന്റെ പ്രതികാരം, രാജാവിന്റെ മകന്‍ പിറന്നതിങ്ങനെ

അഭിറാം മനോഹർ

ചൊവ്വ, 21 മെയ് 2024 (16:23 IST)
Mohanlal, Raajavinte Makan
മലയാളത്തിന്റെ അഭിമാനങ്ങളായ സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. 35 വര്‍ഷങ്ങള്‍ക്ക് മുകളിലായി ബോക്‌സോഫീസില്‍ ഇരുവരും തമ്മിലുള്ള മത്സരം തുടങ്ങിയിട്ട്. മോഹന്‍ലാലിന്റെ കരിയറിന്റെ ആരംഭക്കാലത്ത് സ്റ്റാര്‍ വാല്യൂവില്‍ മമ്മൂട്ടി ലാലിനേക്കാളും ഉയര്‍ന്ന താരമായിരുന്നെങ്കിലും പിന്‍കാലത്തുണ്ടായ വമ്പന്‍ ഹിറ്റുകള്‍ മോഹന്‍ലാലിനെ താരമെന്ന നിലയില്‍ മമ്മൂട്ടിയ്ക്കും മുകളില്‍ ഉയര്‍ത്തി. മലയാളം കണ്ട ഏറ്റവും വലിയ താരം ഇവരില്‍ ആരാണെന്ന ചോദ്യം തര്‍ക്കങ്ങള്‍ക്കിടയാക്കാമെങ്കിലും മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഒപ്പം വെയ്ക്കാന്‍ അഭിനയം കൊണ്ടും സ്റ്റാര്‍ വാല്യൂ കൊണ്ടും മറ്റൊരു താരം മലയാളത്തില്‍ നിന്നും ഉണ്ടായിട്ടില്ല.
 
 മലയാളസിനിമയില്‍ ഇരുവരും തമ്മിലുള്ള മത്സരം രണ്ടുപേര്‍ക്കും മലയാളം സിനിമയ്ക്കും തന്നെ നല്ലത് മാത്രമാണ് ചെയ്തിട്ടുള്ളത്. മോഹന്‍ലാല്‍ എന്ന നടന്‍ സൂപ്പര്‍ താരമായി മാറിയത് തമ്പി കണ്ണന്താനം ചെയ്ത രാജാവിന്റെ മകന്‍ എന്ന സിനിമയിലൂടെയാണ്. ഈ സിനിമ മമ്മൂട്ടിയ്ക്കായി എഴുതപ്പെട്ടതാണെങ്കിലും അവസാനം അത് മോഹന്‍ലാലിലേക്ക് ചെല്ലുകയായിരുന്നു.1986ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകന്‍ എന്ന സിനിമയുടെ വിജയമാണ് മോഹന്‍ലാലിനെ സൂപ്പര്‍ താരമാക്കി മാറ്റിയത്. മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതപ്പെട്ട സിനിമ എങ്ങനെ മോഹന്‍ലാലിന് ലഭിച്ചെന്നത് രാജാവിന്റെ മകന്‍ എന്ന സിനിമയുടെ തിരക്കഥാകൃത്തായ ഡെന്നീസ് ജോസഫാണ് പുറത്ത് വിട്ടത്. സഫാരിയില്‍ സംപ്രേക്ഷണം ചെയ്ത ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ ഇതിനെ പറ്റി ഡെന്നീസ് ജോസഫ് പറയുന്നത് ഇങ്ങനെ.
 
നിറക്കൂട്ട് എന്ന മമ്മൂട്ടി സിനിമയുടെ വമ്പന്‍ വിജയത്തിന് ശേഷം ഡെന്നീസ് ജോസഫ് മലയാളത്തിലെ ഏറ്റവും വിലപ്പെട്ട എഴുത്തുകാരനായി നില്‍ക്കുന്ന സമയത്താണ് ഈ സംഭവങ്ങളുടെയെല്ലാം തുടക്കം. അന്ന് എല്ലാ സംവിധായകരും ഡെന്നീസ് ജോസഫിനായി ക്യൂ നില്‍ക്കുന്ന സമയമാണ്. അന്ന് തമ്പി കണ്ണന്താനം മമ്മൂട്ടിയെ വെച്ച് ആ നേരം അല്പദൂരം എന്ന സിനിമ ചെയ്തിരിക്കുന്ന സമയമാണ്. ആ സിനിമ ഒരു പരാജയമായിരുന്നു. ജോഷിയും തമ്പികണ്ണന്താനവും കൂടെ ആലോചിച്ച് തമ്പി കണ്ണന്താനം ഒരു സിനിമ നിര്‍മിക്കാന്‍ തീരുമാനിക്കുന്നത് അപ്പോഴാണ്. ഒരു സ്‌ക്രിപ്റ്റ് തമ്പിക്ക് എഴുതിനല്‍കണമെന്ന് ജോഷി ഡെന്നീസ് ജോസഫിനോട് ആവശ്യപ്പെട്ടു.
 
തമ്പി കണ്ണന്താനത്തെ പോലെ പരാജയപ്പെട്ട ഒരു സംവിധായകന് സിനിമ എഴുതണോ എന്ന് പലരും അന്ന് ഡെന്നീസിനോട് ചോദിച്ചിരുന്നു. അങ്ങനെ രാജാവിന്റെ മകന്‍ എന്ന സിനിമ ചെയ്യാന്‍ തീരുമാനിച്ചു. മമ്മൂട്ടി സിനിമ ചെയ്യണമെന്നായിരുന്നു ഡെന്നീസ് ജോസഫിന്റെയും തമ്പി കണ്ണന്താനത്തിന്റെയും ആഗ്രഹം. തമ്പി കണ്ണന്താനം മമ്മൂട്ടിയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു. എന്നാല്‍ ആ നേരം അല്പ ദൂരം എന്ന സിനിമ പരാജയപ്പെട്ടതിനാല്‍ ഒരു പരാജയപ്പെട്ട സംവിധായകനൊപ്പം സിനിമ ചെയ്യാന്‍ മമ്മൂട്ടി മടിച്ചു. സിനിമയുടെ കഥ ഇഷ്ടപ്പെട്ടെങ്കിലും തനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറല്ലെന്ന മമ്മൂട്ടിയുടെ നിലപാട് തമ്പി കണ്ണന്താനത്തെ വേദനിപ്പിച്ചു. 
 
മമ്മൂട്ടി പിന്‍മാറിയതോടെ ആ കഥ മോഹന്‍ലാലിലേക്ക് പോകുകയായിരുന്നു. അന്ന് സൂപ്പര്‍ സ്റ്റാര്‍ ആയില്ലെങ്കിലും മമ്മൂട്ടി കഴിഞ്ഞാല്‍ അടുത്ത താരമെന്ന ലെവലിലായിരുന്നു മോഹന്‍ലാല്‍ അന്ന്. കഥയൊന്നും കേള്‍ക്കാതെ തന്നെ സിനിമ ചെയ്യാന്‍ മോഹന്‍ലാല്‍ തയ്യാറായി. ഇതിനിടെ മമ്മൂട്ടി സിനിമ ചെയ്യാന്‍ താത്പര്യം അറിയിച്ചെങ്കിലും മമ്മൂട്ടിയെ അടുപ്പിക്കാന്‍ തമ്പി കണ്ണന്താനം തയ്യാറായില്ല. ആ വാശിയില്‍ സ്വന്തം കാറ് വരെ വിറ്റുകൊണ്ടാണ് തമ്പി കണ്ണന്താനം ആ സിനിമ ചെയ്യുന്നത്. ചുരുങ്ങിയ ചിലവില്‍ തീര്‍ത്ത സിനിമയായിരുന്നെങ്കിലും പുറത്തിറങ്ങിയതോടെ ആ സിനിമ മലയാളം കണ്ട എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നായി മാറി. മോഹന്‍ലാല്‍ എന്ന സൂപ്പര്‍ സ്റ്റാറിന്റെ ജനനവും സിനിമയുടെ വിജയത്തിലൂടെ ഉണ്ടായി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍