Malaikottai Vaaliban: ഒരാൾക്ക് ഇഷ്ടമായില്ലെങ്കിൽ വേണ്ട, മറ്റുള്ളവരും കാണരുതെന്ന വാശിയെന്തിന് : ലിജോ ജോസ് പെല്ലിശ്ശേരി

അഭിറാം മനോഹർ
വ്യാഴം, 1 ഫെബ്രുവരി 2024 (14:21 IST)
മലൈക്കോട്ടെ വാലിബന്‍ എന്ന സിനിമയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. മലയാളത്തില്‍ ഉണ്ടായതില്‍ വെച്ച് ഏറ്റവും മോശം സിനിമയെന്ന നിലയിലാണ് ഒരു വിഭാഗം സിനിമാ പ്രേക്ഷകര്‍ ചിത്രത്തിനോട് പെരുമാറിയതെന്ന് ലിജോ പറയുന്നു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ലോകമെമ്പാടുമുള്ള കലാരൂപങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുപാട് ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് മലൈക്കോട്ടെ വാലിബന്‍ ഒരുക്കിയിട്ടുള്ളത്. അമര്‍ ചിത്രക്കഥ, പഞ്ചതന്ത്രം കഥ, മറ്റ് കോമിക്കുകള്‍ എന്നിവയും സിനിമയ്ക്ക് ബലമേകിയിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും മോശം സിനിമ എന്ന രീതിയിലുള്ള പ്രചാരണം എന്നെ ഏറെ വേദനിപ്പിച്ചു. കാരണം അത്രയും അധ്വാനിച്ചാണ് സിനിമയെടുത്തത്. അത് ആഘോഷിക്കണമെന്നല്ല. വിമര്‍ശനങ്ങളെ ആ രീതിയിലെടുക്കുന്നു. എന്നാല്‍ വാലിബന്‍ പുറത്തിറങ്ങി ആദ്യ ദിവസങ്ങളിലെ ചര്‍ച്ചയുടെ ദിശ തീര്‍ത്തും തെറ്റായ രീതിയിലായിരുന്നു.
 
എനിക്ക് ആ സിനിമ ഇഷ്ടമായില്ല. അതിനാല്‍ രാജ്യത്തുള്ളവരൊന്നും സിനിമ കാണണ്ട എന്ന തരത്തിലായിരുന്നു ആദ്യ ദിവസങ്ങളിലെ പ്രതികരണങ്ങള്‍. സിനിമയ്ക്ക് വേണ്ടി രാപ്പകലില്ലാതെ അധ്വാനിച്ചവരെല്ലാം പൊടുന്നനെ അപ്രത്യക്ഷരായി. മലയാളത്തില്‍ ഇന്നേവരെ വന്നതില്‍ ഏറ്റവും മോസം സിനിമ എന്ന രീതിയിലായി ചര്‍ച്ച. അത് എന്നെ വല്ലാതെ ദുഖിപ്പിച്ചത് കൊണ്ടാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നതും എങ്ങനെ സിനിമ കാണണമെന്ന് വിശദമാക്കേണ്ടി വന്നതും.എന്റെ മറ്റൊരു സിനിമയ്ക്ക് വേണ്ടിയും ഇങ്ങനെ ചെയ്യേണ്ടി വന്നിട്ടില്ല. ലിജോ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article