Malaikottai Vaaliban: 'ടിനുവിന്റെ വാക്കുകള്‍ പ്രേക്ഷകര്‍ക്കിടയില്‍ അതിശയോക്തി കലര്‍ത്തി': ലിജോ ജോസ് പെല്ലിശ്ശേരി

രേണുക വേണു

ബുധന്‍, 31 ജനുവരി 2024 (10:06 IST)
Malaikottai Vaaliban: മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ ബോക്‌സ്ഓഫീസില്‍ നിരാശപ്പെടുത്തുകയാണ്. ആദ്യദിനത്തിലെ മോശം അഭിപ്രായങ്ങള്‍ ചിത്രത്തെ സാരമായി ബാധിച്ചു. റിലീസ് ചെയ്തു അഞ്ചാം ദിനത്തിലേക്ക് എത്തിയപ്പോള്‍ ആദ്യ ദിനത്തേക്കാള്‍ 90 ശതമാനം കുറവാണ് ബോക്‌സ്ഓഫീസ് കളക്ഷനില്‍ രേഖപ്പെടുത്തിയത്. കുടുംബ പ്രേക്ഷകര്‍ കൈയൊഴിഞ്ഞതാണ് വാലിബന് ബോക്‌സ്ഓഫീസില്‍ തിരിച്ചടിയായത്. 
 
തങ്ങള്‍ ആഗ്രഹിക്കാത്ത തരത്തിലുള്ള ഹൈപ്പ് വാലിബന് ലഭിച്ചെന്നും അതാണ് ആദ്യദിനത്തിലെ മോശം അഭിപ്രായങ്ങള്‍ക്ക് പ്രധാന കാരണമെന്നും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു. സാധാരണ വാണിജ്യ സിനിമകളുടെ സ്വഭാവമല്ല വാലിബനെന്ന് തുടക്കം മുതല്‍ തങ്ങള്‍ പറയുന്നുണ്ടെന്നും എന്നാല്‍ പ്രേക്ഷകര്‍ അതിനെ മറ്റൊരു രീതിയിലാണ് സമീപിച്ചതെന്നും ലിജോ പറയുന്നു. വാലിബനില്‍ തന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ടിനു പാപ്പച്ചന്‍ മോഹന്‍ലാലിന്റെ എന്‍ട്രി രംഗത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ പ്രേക്ഷകര്‍ക്കിടയില്‍ അതിശയോക്തി പടര്‍ത്തിയെന്നും ലിജോ പറയുന്നു. 
 
' അതൊരു നിരുപദ്രവകരമായ പരാമര്‍ശമായിരുന്നു. മോഹന്‍ലാലിന്റെ ഇന്‍ട്രോ സീനില്‍ തിയറ്റര്‍ കുലുങ്ങുമെന്ന് എന്റെ അസോസിയേറ്റ് പറഞ്ഞു. അത് പ്രേക്ഷകര്‍ക്കിടയില്‍ വലിയൊരു അതിശയോക്തി പടര്‍ത്തി. ഞങ്ങള്‍ ആഗ്രഹിക്കാത്ത കാര്യമായിരുന്നു അത്, പക്ഷേ അതിനെ കൃത്യമായി ഹാന്‍ഡില്‍ ചെയ്യാന്‍ സാധിച്ചതുമില്ല. സാധാരണ വാണിജ്യ സിനിമയല്ല വാലിബന്‍ എന്ന് തുടക്കം മുതലേ പറയാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. പക്ഷേ പ്രേക്ഷകര്‍ വേറൊരു രീതിയിലാണ് സിനിമയെ സമീപിച്ചത്,' ലിജോ പറഞ്ഞു. 
 
വാലിബനിലെ മോഹന്‍ലാലിന്റെ ഇന്‍ട്രോ സീനില്‍ തിയറ്റര്‍ കുലുങ്ങുന്നത് താന്‍ പുറത്തുനിന്ന് കേള്‍ക്കുമെന്നാണ് ടിനു പാപ്പച്ചന്‍ റിലീസിനു മുന്‍പ് പറഞ്ഞത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍