2018 എവരിവണ്‍ ഈസ് ഹീറോ എന്ന മലയാള ചിത്രം ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്തായി.മികച്ച രാജ്യാന്തര സിനിമ വിഭാഗത്തിലെ നാമനിര്‍ദേശത്തിനായാണ് ഈ മലയാള ചിത്രം മത്സരിച്ചത്. രണ്ടാംഘട്ടത്തിലേക്ക് തെരഞ്ഞെടുത്ത ലിസ്റ്റില്‍ 15 ചിത്രങ്ങളാണ് ഉള്ളത്. പട്ടികയില്‍ നിന്ന് ചിത്രം പുറത്തായതോടെ തങ്ങളെ പിന്തുണിച്ചവരോട് ക്ഷമചോദിച്ച് സംവിധായകന്‍ ജൂഡ് ആന്റണി. ഓസ്‌കാറിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് ജീവിതകാലം മുഴുവന്‍ കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന സ്വപ്നതുല്യമായ യാത്രയായിരുന്നുവെന്ന് സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി, ഒപ്പം നിരാശപ്പെടുത്തിയതിന് ക്ഷമയും അദ്ദേഹം ചോദിച്ചു.
'ഞങ്ങളുടെ 2018 ന് ഓസ്‌കറില്‍ അവസാനത്തെ 15 സിനിമകളില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല. എല്ലാവരോടും ഞാന്‍ ആത്മാര്‍ത്ഥമായി ഞാന്‍ ക്ഷമ ചോദിക്കുന്നു. ഓസ്‌കറിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് ജീവിതകാലം മുഴുവന്‍ കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന സ്വപ്നതുല്യമായ യാത്രയായിരുന്നു. ഇത് ജീവിതാവസാനം വരെ നെഞ്ചിലേറ്റും. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ എന്നതും ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി എന്നതും ഒരു ഫിലിം മേക്കറിനെ സംബന്ധിച്ച് അപൂര്‍വ്വ നേട്ടമാണ്. നിര്‍മ്മാതാക്കള്‍ക്കും കലാകാരന്മാര്‍ക്കും ടെക്‌നീഷ്യന്മാര്‍ക്കും നന്ദിയും സ്‌നേഹവും അറിയിക്കുന്നു. നിങ്ങളുടെ സിനിമയെ ഓസ്‌കറിലേക്കുളള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുത്ത ദേശീയ ഫിലിം ഫെഡറേഷനും രവി കൊട്ടാരക്കരയ്ക്കും പ്രത്യേകം നന്ദി'-ജൂഡ് ആന്റണി കുറിച്ചു.