മക്കൾക്ക് വേണ്ടി സമയം മാറ്റിവെയ്ക്കാനായില്ല, മകളുടെ മരണമാണ് തിരിച്ചറിവ് നൽകിയതെന്ന് ഇളയരാജ

അഭിറാം മനോഹർ
തിങ്കള്‍, 27 ജനുവരി 2025 (18:35 IST)
മകള്‍ ഭവതാരിണിയുടെ ഒന്നാം ഓര്‍മദിനത്തില്‍ വികാരാധീനനായി സംഗീതജ്ഞന്‍ ഇളയരാജ. മകളുടെ വേര്‍പാട് ഇപ്പോഴും വേദനിപ്പിക്കുന്നുവെന്നും ആ വിയോഗത്തിന് ശേഷമാണ് മകളുടെ സ്‌നേഹം തിരിച്ചറിഞ്ഞതെന്നും സംഗീതത്തിനായി മുഴുവന്‍ സമയം ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ തന്നെ മക്കള്‍ക്കായി സമയം മാറ്റിവെയ്ക്കാന്‍ തനിക്കായിട്ടില്ലെന്നും ദുഃഖത്തോടെ ഇളയരാജ കൂട്ടിച്ചേര്‍ത്തു.
 
എന്റെ പ്രിയ പുത്രി ഭവത ഞങ്ങളെ വിട്ടുപിരിഞ്ഞ് ഇന്ന് ഒരു വര്‍ഷം തികയുന്നു. ആ വേര്‍പാട് ഇപ്പോഴും നെഞ്ചില്‍ ഒരു ഭാരമുള്ള വേദനയായി നിലനില്‍ക്കുന്നു.അപാരമായ സ്‌നേഹത്തിന്റെ പ്രതിരൂപമായിരുന്നു അവള്‍. അവളെ നഷ്ടപ്പെട്ടതിന് ശേഷമാണ് ഞാനത് തിരിച്ചറിഞ്ഞത്. ഞാന്‍ ജീവിതം മുഴുവന്‍ സംഗീതത്തിനായാണ് മാറ്റിവെച്ചത്. മക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കാതെ പോയതില്‍ ഇന്ന് ദുഃഖം തോന്നുന്നു. എന്റെ മകളൂടെ ജന്മദിനമാണ് ഫെബ്രുവരി 12. അന്നേ ദിവസം അവളുടെ പേരില്‍ ഒരു അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. അത് എന്റെ മകള്‍ക്കുള്ള ആദരമാണ്. എന്റെ എല്ലാ സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും ആ പരിപാടിയിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. എന്റെ മകളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ഇളയരാജ പറഞ്ഞു.
 
 അര്‍ബുദരോഗത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ ചികിത്സയിലിരിക്കെയാണ് 47മത്തെ വയസില്‍ ഭവതാരിണി വിടവാങ്ങിയത്. ബാല്യകാലത്ത് തന്നെ ശാസ്ത്രീയ സംഗീതത്തില്‍ പരിശീലനം നേടിയ ഭാവതാരിണി ഇളയരാജയുടെ സംഗീതത്തില്‍ രാസയ്യ എന്ന ചിത്രത്തിലൂടെയാണ് പിന്നണിഗാനരംഗത്തേക്ക് ചുവട് വെച്ചത്. 2000ല്‍ ഭാരതി എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തില്‍ പാടിയ മയില്‍ പോലെ പൊണ്ണ് ഒന്ന് എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article